ഹുസൈന്‍ ബോള്‍ട്ടിന് എതിരാളിയൊരുങ്ങുന്നു കര്‍ണാടകയില്‍ നിന്ന്!

വേഗത്തിന്റെ സുല്‍ത്താന്‍ ഉസൈന്‍ ബോള്‍ട്ടിന് കര്‍ണാടകയില്‍ നിന്നും എതിരാളിയൊരുങ്ങിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ തീരദേശ മേഖലയായ കംബാലയില്‍ നടന്ന കാലിപ്പൂട്ട് മത്സരത്തില്‍ നിന്നും ശ്രീനിവാസ് ഗൗഡ എന്ന 28 കാരന്‍ നേടിയ വേഗത്തിന്റെ റെക്കോര്‍ഡ് സോഷ്യല്‍മീഡിയ ഏറ്റെടുത്തോടെയാണ് വേഗത്തിന്റെ രാജാവായ ബോള്‍ട്ടിനോട് ഉടന്‍ അടുത്ത മത്സരത്തിന് ഒരുങ്ങാനുള്ള വാര്‍ത്തയുമായി ബിബിസിയടക്കം അന്താരഷ്ട്ര  മാധ്യമങ്ങള്‍ രംഗത്തെത്തിയത്.

പരമ്പരാഗതമായി നെല്ല് വയലില്‍ നടന്ന എരുമ ഓട്ടമത്സരത്തില്‍ 28 കാരന്‍ വെറും 9.55 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. കമ്പാലയിലെ 142.50 മീറ്റര്‍ കാലിപ്പൂട്ട് മത്സരം വെറും 13.62 സെക്കന്‍ഡിനുള്ളിലാണ് ശ്രീനിവാസ് ഗൗഡ ഓടിച്ചു ജയിച്ചത്. കര്‍ണാടകയില്‍ പരമ്പരാഗത കായിക ഇനമായ കാലിപ്പൂട്ട് മത്സരത്തിലെ പുതിയ റെക്കോര്‍ഡാണിത്. 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഗൗഡ മറികടന്നത്.

ഇതോടെ 9.58 സെക്കന്‍ഡിനുള്ളില്‍ 100 മീറ്ററില്‍ കടന്ന ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് സ്പ്രിന്റുമായി ഈ മത്സരം താരതമ്യപ്പെടുത്താനും കാരണമായി. ഉസൈന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ ലോക റെക്കോര്‍ഡിനേക്കാള്‍ 0.03 സെക്കന്റെ് വേഗത്തില്‍ ഗൗഡ പൂര്‍ത്തിയാക്കിയതായാണ് കണക്കാക്കുന്നത്.

കര്‍ണാടകയില്‍ വേഗക്കാരനെതേടി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി തന്നെ രംഗത്തെത്തയതായാണ് റിപ്പോര്‍ട്ട്. ഗൗഡയുടെ പ്രകടനം നിരവധി പ്രമുഖരാണ് ഇതിനകം ഷയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ഉസൈന്‍ ബോള്‍ട്ടുമായുള്ള തന്നെ താരതമ്യപ്പെടുത്തിയതിനോട് ശ്രീനിവാസ് പ്രതികരിച്ചു. ‘ആളുകള്‍ എന്നെ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യപ്പെടുത്തുന്നു. അദ്ദേഹം ഒരു ലോക ചാമ്പ്യനാണ്, ഞാന്‍ വെറും നെല്‍വയലിലെ ഓട്ടക്കാരന്‍ മാത്രവുമാണ്’ കര്‍ണാടക പുത്തന്‍ താരം പറഞ്ഞു.