സവര്‍ക്കറൈറ്റായ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര വാദമെന്ന് രാമചന്ദ്രഗുഹ

ദേശീയ പൗരത്വ ബില്‍ അവതരണത്തിനിടെ ചരിത്രത്തെ വളച്ചൊടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വാദങ്ങളെ പൊളിച്ച് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ. സവര്‍ക്കര്‍ വാദിയായ ആഭ്യന്തരമന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് യാതൊരു തര്‍ക്കവുമുണ്ടാവില്ലെന്ന് പറഞ്ഞാണ്, വിഭജനം കോണ്‍ഗ്രസ് നടപ്പാക്കിയതാണെന്ന ഷായുടെ വാദത്തെ എഴുത്തുകാരനും ചരിത്രകാരനുമായ ഗുഹ പൊളിച്ചത്.
ഹിന്ദു രാഷ്ട്രവാദത്തിന്റെ വക്താവായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിഭജനത്തിന് മുമ്പ് പറഞ്ഞ കാര്യം മുന്‍നിര്‍ത്തിയായിരുന്നു രാമചന്ദ്രഗുഹ, ബിജെപി അധ്യക്ഷ്യന്‍ കൂടിയായ അമിത് ഷായെ തിരുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാമചന്ദ്രഗുഹയുടെ ചരിത്ര കുറിപ്പ്.

1943 ല്‍ സവര്‍ക്കര്‍ പറഞ്ഞു, മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തവുമായി എനിക്ക് യാതൊരു തര്‍ക്കവുമില്ല. നമ്മള്‍ ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്രപരമായ വസ്തുതയാണ്. സവര്‍ക്കറൈറ്റ് എന്ന് അവകാശപ്പെടുന്ന ആഭ്യന്തരമന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തവുമായി യാതൊരു തര്‍ക്കവുമില്ല., ഗുഹ ട്വീറ്റ് ചെയ്തു.

നേരത്തെ, സോഷ്യല്‍ മീഡിയ പൊളിക്ടിസ് അനലിസ്റ്റ് ദ്രുവ് രത്തെയും ഇന്ത്യാ വിഭജനത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് പച്ചക്കളമാണെന്ന് തുറന്നുകാട്ടിയിരുന്നു. ഇന്ത്യാ വിഭജനത്തിന് കാരണമായി ഹിന്ദു മഹാസഭയെ മറച്ചുവെച്ച് വിഭജന കാരണം കോണ്‍ഗ്രസാണെന്ന് വരുത്തി തീര്‍ക്കുന്ന അമിത് ഷായെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ബിരുദധാരിയെന്നാണ്, ട്വീറ്റില്‍ ദ്രുവ് വിശേഷിപ്പിച്ചത്.

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ബിരുദധാരിയെപ്പോലെ നമ്മുടെ ആഭ്യന്തരമന്ത്രി നുണപറയുന്നു. മതപരമായ അടിസ്ഥാനത്തിലുള്ള വിഭജനത്തെ ഹിന്ദുമഹാസഭ + ജിന്ന പിന്തുണച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കോണ്‍ഗ്രസ് വിഭജനത്തിനെതിരായിരുന്നു, അവര്‍ വിഭജനം നടക്കാതിരിക്കാനായി പരമാവധി ശ്രമിച്ചു. കാപട്യത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുകയാണ് മോട്ടാഭായ്., ദ്രുവ് രത്തെ ട്വീറ്റ് ചെയ്തു.

ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ആളാണ് ഹിന്ദുത്വവാദിയായ സവര്‍ക്കര്‍. 1923ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഹിന്ദുത്വ എന്ന പുസ്തകത്തില്‍ ഈ വാദം അദ്ദേഹം വ്യക്തമായി കുറിച്ചിട്ടുണ്ട്.

അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രതീരുമാനത്തിനെതിരേയും രാമചന്ദ്രഗുഹ പ്രതികരിച്ചിരുന്നു.
അടിയന്തരാവസ്ഥയോട് ഉപമിച്ചായിരുന്നു ട്വീറ്റ്. ഇത് ജനാധിപത്യമല്ലെന്നും സ്വേച്ഛാധിപത്യമാണെന്നും ഗുഹ ട്വീറ്റി. മനോവിഭ്രാന്തിയുള്ളവരുടെ ചെയ്തിയാണിത്. പാര്‍ലമെന്റിന് അകത്തോ പുറത്തോ ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത അരക്ഷിതരായ ഭരണാധികളുടെ പണിയാണിത് അദ്ദേഹം കുറിച്ചു.
ശക്തിയും അധികാരം ഉപയോഗിച്ച് കശ്മീരി ജനതയെ ഭരിക്കുന്നത് ഇനിയും തുടരുകയാണ് എങ്കില്‍, അവരുടെ വംശീയമത സ്വഭാവത്തെ മാറ്റം വരുത്തുകയാണ് എങ്കില്‍ രാഷ്ട്രീയമായി അത് ഏറ്റവും നിന്ദ്യമാണ് എന്ന് 1996ല്‍ ജയപ്രകാശ് നാരായണന്‍ കശ്മീരിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നാം ജീവിക്കുന്ന രാജ്യത്ത് അടിയന്തരാവസ്ഥക്കെതിരെയുള്ള ഈ പോരാളിയെ ദേശവിരുദ്ധനായും നഗരനക്‌സലായും മുദ്രകുത്തുമായിരുന്നു. ഒരുപക്ഷേ, ജയിലില്‍ അടക്കുമായിരുന്നു ഗുഹ കുറിച്ചു.