വിദ്യാര്‍ത്ഥി പുസ്തകം കാണിക്കുമ്പോഴും പൊലീസ് അടിതുടരുകയാണെന്ന് പ്രിയങ്ക ഗാന്ധി; ജാമിഅ ദൃശ്യങ്ങളില്‍ പ്രതിഷേധം കത്തുന്നു

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ മോദി ഭരണകൂടത്തിനെതിരെ പ്രതിഷേധം കത്തുന്നു. ക്യാമ്പസിനകത്തെ ലൈബ്രറിയിലെ സിസിടിവി ഫൂട്ടേജ് ഇപ്പോള്‍ പുറത്തായതോടെ പോലീസ് രാജും ഭരണകൂട ഭീകരതയും പുറത്തായിരിക്കുകയാണെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡയില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

ലൈബ്രറിയില്‍ പ്രവേശിച്ച് ആരെയും തല്ലിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും കള്ളം പറഞ്ഞതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസ് വിവേചനരഹിതമായി മര്‍ദ്ദിക്കുന്നത് എങ്ങനെയെന്ന് കാണാന്‍ കഴിയുകയെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ലൈബ്രറിയിലിരുന്നു പഠിക്കുന്ന വിദ്യാര്‍ത്ഥി പുസ്തകം കാണിക്കുമ്പോഴും പൊലീസ് അടിതുടരുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്തായിട്ടും ജാമിഅയിലെ അക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍, സര്‍ക്കാരിന്റെ ഉദ്ദേശ്യം രാജ്യത്തിന് പൂര്‍ണ്ണമായും മനസ്സലാവുമെന്നും പ്രിയങ്ക തുറന്നടിച്ചു.

ഡിസംബര്‍ 15 മുതല്‍ എടുത്ത മുഴുനീള സിസിടിവി ഫൂട്ടേജിലാണ് ജാമിയയുടെ പഴയ റീഡിംഗ് ഹാളില്‍ സംഭവിച്ച അക്രമിത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ലൈബ്രറി ഹാളില്‍ കയറി ലാത്തികൊണ്ടും മറ്റും വായനാമുറിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്.

ഡല്‍ഹി പോലീസ് അതിക്രമിച്ചു കയറുന്നതും വിദ്യാര്‍ത്ഥികളെ റീഡിംഗ് റൂമിലിട്ട് തല്ലുന്നതും പൊതുസ്വത്ത് നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നാണ് മര്‍ദ്ദിക്കുന്നത്.

രണ്ട് മാസം മുമ്പുള്ള വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ 49 സെക്കന്‍ഡുള്ള വീഡിയോയാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി (ജെസിസി) പുറത്തുവിട്ടത്. സംഭവത്തില്‍ ഡല്‍ഹി പോലീസിനെതിരെയും തലസ്ഥാനത്തിന്റെ ക്രമസമാധനത്തിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നിരവധി പ്രമുഖരാണ് ഡല്‍ഹി പൊലീസിന്റെ ക്രൂരത തുറന്നകാട്ടു ദൃശ്യം പങ്കുവെച്ചത്.