മലപ്പുറം ഒരു പാഠമാണെന്ന് കേന്ദ്രമന്ത്രിയും; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും വിമാനങ്ങള്‍ ലാന്‍ഡിംഗ് നടത്തിയെന്നും ഹര്‍ദീപ് സിങ് പുരി

കോഴിക്കോട്: മലപ്പുറത്തെയും ജനങ്ങളുടെയും ധീരമനോഭാവത്തേയും അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും രംഗത്ത്. അപകടത്തിന് പിന്നാലെ കരിപ്പൂരിലെത്തി വിമാനഅപകടസ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് മലപ്പുറത്തെയും ജനങ്ങളുടെ ധീരമനോഭാവത്തേയും അഭിനന്ദിച്ചുള്ള കേന്ദ്രമന്ത്രിയുടെ ട്വീറ്റ് എത്തിയത്.

കോഴിക്കോട് വിമാനത്താവളം ഒരു ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ അവിടുത്തെ ആളുകള്‍ കാണിച്ച കൃപ, മനുഷ്യന്റെ ഉന്മേഷത്തിന്റെയും ആദര്‍ശങ്ങള്‍ക്കുമുള്ള ഒരു പാഠമാണ്, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി കുറിച്ചു. 18 പേര്‍ മരിച്ച കോഴിക്കോട്ടെ അപകടത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പുതിയ ട്വീറ്റിലായിരുന്നു ഈ പരാമര്‍ശം.

വിമാനത്താവളത്തില്‍ നിന്നുള്ള ഈ അപകട പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഇന്നലെ രാവിലെ രണ്ട് വിമാനങ്ങള്‍ അവിടെ ലാന്‍ഡിംഗ് നടത്തിയെന്നും അത് കേരളത്തിലെ ഏവിയേഷന്‍ പ്രൊഫഷണലുകളുടെയും അവിടുത്തെ ജനങ്ങളുടെയും ധീരമനോഭാവം കാരണമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 18 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും സംസ്ഥാനത്തെ ജനങ്ങളോടും ഓരോ ഇന്ത്യക്കാരനോടും ഒപ്പം ഞാനും ചേരുന്നതായും, കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കരിപ്പൂര്‍ വിമാനാപകട സമയത്ത് ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശത്തെ ആളുകള്‍ക്ക് നന്ദി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ ട്വീറ്റും മന്ത്രി പങ്കുവെച്ചിരുന്ന. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം എന്നാണ് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്. ഇത് വെറുമൊരു ധൈര്യമല്ല, പക്ഷേ, ജീവന്‍ രക്ഷിക്കാനുള്ള മാനുഷിക സ്പര്‍ശമാണ്. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷിച്ചെടുത്ത മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം’ എന്ന് എയര്‍ ഇന്ത്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അപകട സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അപകടത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണം വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിലയിരുത്തിരുന്നു. ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് സുപ്രധാനമെന്നായിരുന്നു മന്ത്രിയുടെ വിലയിരുത്തല്‍. കരിപ്പൂരിലെ ടേബില്‍ ടോപ്പ് റെണ്‍വേയെ കുറ്റപ്പെടുത്തിയുള്ള ചോദ്യങ്ങളോട്, അത്തരത്തില്‍ ലോകത്ത് നിരവധി വിമാനത്താവളങ്ങളുണ്ടെന്നും അപകടം അസാധാരണാമണെന്നും ഉത്തരവാദിത്വമില്ലാത്ത വിലയിരുത്തലുകള്‍ ഒഴിവാക്കണമെന്നും അന്വേഷണ വിവരങ്ങള്‍ പുറത്തു വിടുമെന്നുമായിരുന്നു വ്യോമയാനമന്ത്രിയുടെ പ്രതികരണം. അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കണം. അപകടത്തില്‍പ്പെട്ടത് വലിയ വിമാനമല്ല. കരിപ്പൂരിലേക്കുള്ളവയില്‍ നാല് ശതമാനം മാത്രമേ വലിയവയുള്ളൂ. വലിയ വിമാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ ഡി.ജി.സി.എ നല്‍കിയിട്ടുണ്ടെ്ന്നും വ്യോമയാനമന്ത്രി പ്രതികരിച്ചു.

വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി സ്ഥലം എംഎല്‍എമാര്‍ക്കും കേന്ദ്ര സഹമന്ത്രി മുരളീധരനും എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍ എന്നിവര്‍ക്കൊപ്പമാണ് അപകടസ്ഥലം സന്ദര്‍ശിച്ചത്.

ഇന്നലെ അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഡല്‍ഹിയില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുകയാണ്. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ഉന്നതതല യോഗം വിളിച്ച് അന്വേഷണം വിലയിരുത്തും. വ്യോമയാന സെക്രട്ടറി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, എയര്‍ ഇന്ത്യ ഡിജി, എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അപകടവുമായി ബന്ധപ്പെട്ട എല്ലാ വശവും അന്വേഷിക്കും. കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം നൽകുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. സിവിൽ ഏവിയേഷൻ വകുപ്പിന്റെ ഇടക്കാല ആശ്വാസമായാണ് തുക നൽകുകയെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും സാധാരണ പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകും. ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷമേ അപകടത്തെക്കുറിച്ച് പറയാൻ സാധിക്കൂ. ഊഹാപോഹങ്ങൾക്കുള്ള സമയമല്ല ഇതെന്നും പരമാവധി തെളിവുകൾ കണ്ടെത്തുകയാണ് പ്രധാനമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.