ആസ്‌ത്രേലിയന്‍ ഓപ്പണ്‍; എട്ടാം കീരീടവുമായി നൊവാക് ജോക്കോവിച്ച്

സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം എട്ടാം തവണയും സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം കിരീടം കൈകളില്‍ ഭദ്രമാക്കിയത്.

നാലുമണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ തീമുമായി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്നശേഷമാണ് ജോക്കോവിച്ചിന്റെ കളിയിലെ ഗംഭീര തിരിച്ചുവരവ്. 6-4, 4-6, 2-6,6-3, 6-4 എന്ന സ്‌കോറിലായിരുന്നു വിജയം. 2008, 2011, 2012, 2013, 2015, 2016, 2019 എന്നീ വര്‍ഷങ്ങളിലും നൊവാക് ജോക്കോവിച്ചായിരുന്നു കിരീട ജേതാവ്.

ഈ വിജയത്തോടെ എടിപി റാങ്കിംഗില്‍ റഫാല്‍ നദേലിലെ പിന്തള്ളി ജോക്കോവിച്ച് ഒന്നാമതെത്തി. ഒപ്പം ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു. 20 കിരീടങ്ങളുമായി റോജര്‍ ഫെഡററാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്.

ഫൈനല്‍ പോരാട്ടത്തിലെ ആദ്യ സെറ്റ് 6-4ന് ജോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും അടുത്ത സെറ്റ് 6-4ന് തീം നേടി. പിന്നാലെ അടുത്ത സെറ്റ് കൂടി തീം നേടിയതോടെ കളി ജോക്കോവിച്ചിന്റെ കൈയിൽ നിന്ന് വഴുതിപ്പോയെന്ന നിലയിലായി ആരാധകർ. എന്നാൽ അവസാന രണ്ട് സെറ്റുകൾ തിരിച്ചുപിടിച്ച് തന്റെ എട്ടാമത്തെ ആസ്‌ത്രേലിയന്‍ ഓപ്പൺ കിരീടം സ്വന്തമാക്കുകയായിരുന്നു ജോക്കോവിച്ച്. ഡൊമിനിക് തീമും നൊവാക് ജോക്കോവിച്ചും ഒടുവിൽ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ‌ നാലെണ്ണത്തിലും തീമിനായിരുന്നു വിജയം.