ഡല്‍ഹി കലാപത്തിന്റെ സമ്പൂര്‍ണമായ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന വെളിപ്പെടുത്തലുമായി ഹിന്ദുത്വവാദിയായ കലാപകാരി രംഗത്ത്. കലാപത്തിന് ആവശ്യമായ തോക്കും വാളും അടക്കമുള്ള മാരകായുധങ്ങള്‍ നല്‍കിയത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും 22കാരനായ കലാപകാരി സമ്മതിക്കുന്നു. ദി കാരവന് മാഗസിനു നല്കിയ അഭിമുഖത്തിലാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.
മുസ്ലിംകള്ക്കെതിരായ അക്രമങ്ങള്‍ക്ക് ഡല്‍ഹി പൊലീസിന്റെ അകമഴിഞ്ഞ സഹായം ലഭിച്ചതായും യുവാവ് വെളിപ്പെടുത്തി. ‘ഞാന്‍ ആളുകളെ മര്‍ദ്ദിച്ചു. കടകള്‍ തീയിട്ട് നശിപ്പിച്ചു, 786 എന്ന് എഴുതിവെച്ച ബൈക്കുകള്‍ തടഞ്ഞുവെച്ച് കത്തിച്ചു. ഇത് നിരവധി തവണ ആവര്‍ത്തിച്ചു.’-22 കാരന് പറയുന്നു.
സ്വയമായി ആരെയും കൊലപ്പെടുത്തിയിട്ടില്ലെങ്കിലും മൂന്ന് കൊലപാതകങ്ങള്‍ നേരില്‍ കണ്ടതായി സമ്മതിക്കുന്നു. അതിലൊരാളുടെ മരണം ഇയാള്‍ വിശദീകരിച്ചതിങ്ങനെ: ”ഒരുത്തനെ ജീവനോടെ കത്തിച്ചു. അയാളൊരു മുസ്ലിമായിരുന്നു. ഹിന്ദുക്കളായ യുവാക്കള്‍ അയാളെ തടഞ്ഞ് നിര്‍ത്തി ജയ്ശ്രീറാം ചൊല്ലാന്‍ പറഞ്ഞു. കാല്ഗഢ് റോഡിലായിരുന്നു സംഭവം. ഈഗോ കാരണം അയാള്‍ വിസമ്മതിച്ചു. പോരാത്തതിന് നല്ല ആകാരവും ഉണ്ടായിരുന്നു. രക്ഷപ്പെടുമെന്ന് കരുതി. പക്ഷെ ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങി. നന്നായി ദേഹോപദ്രവം ഏല്പിച്ചു. വശം വദനായ അയാളെ കാറിലിട്ട് പച്ചക്ക് തീ കൊളുത്തി കത്തിച്ചു.”ഇങ്ങനെ നിരവധി കാറുകള്‍ അഗ്നിക്കിരയാക്കി. എന്റെ അറിവില്‍ മൂന്ന് പേരെയെങ്കിലും ചുട്ടുകൊന്നു.
മുസ്ലിംകളെ തെരഞ്ഞു പിടിച്ചായിരുന്നു മര്‍ദനം അഴിച്ചു വിട്ടത്. ഇതിനായി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ആധാര്‍ കാര്‍ഡ് വരെ പരിശോധിച്ചിരുന്നു. ഹിന്ദുവാണെങ്കില്‍ കലാപത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു നല്‍കും. മുസ്ലിമാണെങ്കില് അക്രമിക്കും. ആരെങ്കിലും പേര് മാറ്റിപ്പറഞ്ഞതാണെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഞങ്ങള്‍ അവരുടെ നമ്പര്‍ പ്ലേറ്റ് നോക്കി ഏത് മതവിഭാഗക്കാരന്റേതാണ് ആ വണ്ടിയെന്ന് പരിശോധിക്കും. ഇത്തരത്തില്‍ ആറോ ഏഴോ വാഹനങ്ങള്‍ താന്‍ തന്നെ കത്തിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.
ഈ സമയത്ത് പൊലീസ് എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് അകമഴിഞ്ഞ പിന്തുണ നല്കി എന്ന് ഇയാള്‍ മറുപടി നല്കി. ആളുകള്‍ പരസ്പരം കലഹിക്കും. അതില്‍ ഒരു കൂട്ടരെ എത്രകാലം ഇങ്ങനെ സംരക്ഷിക്കും. നിങ്ങള്‍ ഗല്ലികക്ഷക്കകത്തേക്ക് പോയി ചെയ്തോളൂ. ഒരു കുഴപ്പവുമില്ല. ഇതൊരു അവസരമാണ് നിങ്ങള്‍ക്കെന്നും പൊലീസ് പറഞ്ഞതായി ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്നങ്ങോട്ട് തുടരെ തുടരെ അക്രമമായിരുന്നു. ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അവര്‍ അവസാനിപ്പിക്കാന്‍ പറയുന്നത് വരെ നിങ്ങള്‍ക്ക് തുടരാമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കുറേയധികം ലാത്തികള്‍ തങ്ങള്‍ക്ക് തന്നതായും ഇദ്ദേഹം സമ്മതിക്കുന്നു. പൊലീസുകാരുടെ കൈയ്യില്‍ ഉള്ളതുപോലത്തെ. ഇഷ്ടികളും കല്ലുകളും ദണ്ഡുകളും അവരുടെ കൈവശം ഉണ്ടായിരുന്നു. മൂന്ന് നാല് പേരുടെ കൈയ്യില്‍ തോക്കും ഉണ്ടായിരുന്നു. ആദ്യ സമയത്തൊന്നും വെടിവെച്ചിരുന്നില്ല. പിന്നെ രാത്രിയായപ്പോഴാണെന്ന് തോന്നുന്നു. ഞങ്ങളുടെ മുന്നില്‍ വെച്ച് അവര്‍ വെടിയുതിര്‍ത്തിട്ടില്ല.’
വാളുകളും ഇരുമ്പ് ദണ്ഡും ലാത്തിയും കല്ലും എല്ലാം കൊണ്ട് തങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായിരുന്നുവെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.
തോന്നുന്നത് എന്തും ചെയ്യാനായി രണ്ട് മണിക്കൂര്‍ സമയം തരുകയാണെന്ന് പൊലീസ് പറഞ്ഞതായും ഇയാള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ആം ആദ്മിയെന്നോ സമാജ്വാദി പാര്‍ട്ടിയെന്നോ കോണ്‍ഗ്രസെന്നോ ഉള്ള വ്യത്യാസം ഇവിടെ കാണിക്കരുതെന്നും ഹിന്ദുവാണെന്ന ഒരൊറ്റ വികാരത്തില്‍ വേണം യുദ്ധം ചെയ്യാന്‍ എന്നുമായിരുന്നു നിര്‍ദേശമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതാവ് കപില്‍ മിശ്ര കാര്യങ്ങള്‍ എല്ലാം നന്നായി ചെയ്തെന്നും ഇദ്ദേഹം വീഡിയോയില്‍ എടുത്തുപറഞ്ഞു. അവര്‍ 30 ശമതാനമേയുള്ളൂ. നമ്മള് 70 ശതമാനമുണ്ട്. പിന്നെ എന്തിന് അവരെ പേടിക്കണം. ഇപ്പോള്‍ അവര്‍ക്ക് ഹിന്ദുക്കള്‍ ഒന്നാണെന്ന് അറിയാം. നേരത്തെ ഇതായിരുന്നില്ല അവസ്ഥ. എന്തെങ്കിലും പ്രശ്നം വന്നാല്‍ തന്നെ ‘അത് വിട്ടേക്കാം’ എന്ന തരത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദുക്കള്‍ ഒന്നാണ്. മുസ്ലിംകളായത് കൊണ്ട് തന്നെ അവരൊരിക്കലും നന്നാവുകയില്ല. അവരെ ഇവിടെ നിന്നും പുറത്താക്കിയിരിക്കുമെന്നും കരാവല്‍ നഗര്‍ സ്വദേശിയായി ഇയാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര് കൊല്ലപ്പെട്ടുവെന്നാണ് ഡല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നത്.