ബാനിയന്‍ തണലില്‍ മനസറിഞ്ഞ് സിന്ധുവും സുധീഷും; പൂട്ടുതുറന്ന് പുതുജീവിതത്തിലേക്ക്…

Chicku Irshad
കോഴിക്കോട്: സാമൂഹിക അകലം പാലിക്കേണ്ട കോവിഡ് കാലത്തിനും മുന്നേ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുധീഷും സിന്ധുവും ഇന്ന്(ഞായറാഴ്ച) രാവിലത്തെ ശുഭ മുഹൂര്‍ത്ത്വത്തില്‍ മിന്നുകെട്ടുകയാണ്. മഹാമാരിയുടെ കാലത്ത് കോഴിക്കോട് പുത്തൂര്‍മഠത്തിലെ വായോളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന ഇവരുടെ മംഗല്യത്തിന് സമൂഹത്തോട് പറയാന്‍ ഏറെയുണ്ട്.

സമൂഹത്തില്‍ നിന്നും അകന്നുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവിതക്കാലോര്‍മ്മകളെ അതിജീവിച്ചാണ് സിന്ധുവിനും സുധീഷിനും പുതുജീവിതത്തിന്റെ പൂട്ടുതുറക്കുന്നത്. ഇരുവരുടേയും മനസ്സറിഞ്ഞ് അതിന് തണലുവിരിച്ചതാകട്ടെ മാനസിക വെല്ലുവിളി അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ദി ബാനിയന്‍-ഹെന്‍സ് ഫൗണ്ടേഷനും.

കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന അമ്മയോടൊപ്പമുള്ള ജീവിതമായിരുന്നു അച്ഛന്‍ ആദ്യമേ നഷ്ടപ്പെട്ട സുധീഷിന്റെ ലോകം. ഇതിനിടെ അമ്മകൂടി മരിച്ചതോടെ സുധീഷ് കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. സിന്ധുവാകട്ടെ കോട്ടയത്തെ മാനസിക പുനരധിവാസ കേന്ദ്രത്തില്‍ കുടുംബം ഉപേക്ഷിക്കപ്പെട്ട നിലയിലും കഴിയുകയായിരുന്നു.

വര്‍ഷങ്ങളായി ഏകാന്തരായി കഴിയുന്ന ഇരുവരേയും ‘ബാനിയന്‍’ അവിടെനിന്നും പുറത്തിറക്കി പൊതുജീവിതം നല്‍കിയപ്പോള്‍ അവര്‍ക്ക് പതിയെ വന്നുഭവിച്ചത് പ്രണയജീവിതം കൂടിയാണ്. സിന്ധുവിന്റെയും സുധീഷിന്റെയും ദാമ്പത്യജീവിതത്തിന് ഇന്ന് തുടക്കമാവുമ്പോള്‍ ഇരുവരുടേയും മനസ്സറിഞ്ഞ് ഇവര്‍ക്ക് തണലൊരുക്കിയ ദി ബാന്യന്‍ എന്ന സംഘടനയെ കുറിച്ചുവേണം ആദ്യം പറയാന്‍.

ദി ബാന്യന്‍
ബാന്യന്‍ എന്നാല്‍ മലയാളത്തില്‍ ആല്‍മരം, അതിന്റെ തണലേകുക എന്ന കര്‍മ്മമാണ് ദി ബാന്യന്‍ ഫൗണ്ടേഷന്‍ നിര്‍വഹിക്കുന്നത്. ഒരിക്കല്‍ താളം തെറ്റിയപ്പോയ മനസ്സുമായി തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മനുഷ്യര്‍ക്ക് ചികിത്സയും പുനരധിവാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ 1993ല്‍ ചെന്നൈയില്‍ ആരംഭിച്ച സംഘടനയാണ് ദി ബാന്യന്‍. അന്നത്തെ 23കാരികളായ വന്ദന ഗോപികുമാര്‍, വൈഷ്ണവി ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ മെന്റല്‍ ഹെല്‍ത്ത് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ 2017-ലാണ് ദി ബാന്യന്‍ അതിന്റെ കേരള ചാപ്റ്ററിന് തുടക്കം കുറിക്കുന്നത്.

മലപ്പുറം പുളിക്കല്‍ കേന്ദ്രീകരിച്ചാണ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ അധിഷ്ഠിത മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ പല പരീക്ഷണങ്ങളും ഇതിനോടകം നടത്തിയിട്ടുള്ള ബാന്യന്‍, അതിലൊന്നായ ഹോം എഗെയ്ന്‍ അഥവാ വീണ്ടും വീടുകളിലേക്ക് എന്ന സ്‌നേഹക്കൂട് പദ്ധതിക്കാണ്‌ കേരളത്തില്‍ തുടക്കം കുറിച്ചത്. ദീര്‍ഘകാലമായി മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്ന ആളുകളെ അസുഖം ഭേദമയാല്‍ പോലും വീട്ടുകാര്‍ ഏറ്റെടുക്കാത്ത സ്ഥിതി വരുന്നു. ഇതുമൂലം രോഗിയല്ലെങ്കില്‍ പോലും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഇങ്ങനെ നിരവധിപേര്‍ക്കാണ് കഴിയേണ്ടിവരുന്നത്. ഇവരെ ആസ്പത്രികളില്‍ നിന്നും കൗണ്‍സിലിങിന് വിധേയമാക്കി വീടിന്റെ അന്തരീക്ഷത്തിലേക്ക് പുനരധിവസിപ്പിക്കുകയാണ് ഹോം എഗെയ്ന്‍ പദ്ധതി.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മൂന്ന്‌ വീടുകള്‍ വെച്ച് തുടങ്ങിയ ഹോം എഗെയ്ന്‍ പദ്ധതിയില്‍ ഇപ്പോള്‍ കേരളത്തിലാകെ പന്ത്രണ്ട് പദ്ധതികളായി. ആസ്പത്രികളില്‍ നിന്നും മോചിപ്പിച്ചെടുക്കുന്ന ആളുകളെ അഞ്ച് പേരെ വീതം ഓരോ വീടുകളിലായി താമസിപ്പിച്ച് ഒരു സാധാരണ വീട്ടുജീവിതം നല്‍കുകയാണ് ചെയ്യുന്നത്. ആസ്പത്രിക്കുള്ളില്‍ കാലംകഴിച്ചര്‍ സ്വന്തം വീട്ടിലെന്നപോലെ ജോലികള്‍ ചെയ്തും സ്വന്തമായി സാധനങ്ങള്‍ വാങ്ങി പാചകം ചെയ്തും സ്വാശ്രയത്വത്തിന്റെ പാതയിലേക്ക് പതുക്കെ ചുവട് വയ്ക്കുന്നു. ആരാധനാലയങ്ങളില്‍ പോയും തനിയെ വിനോദങ്ങള്‍ നടത്തിയും ഇതിനിടയില്‍ ഏതൊരു വ്യക്തിയെ പോലെയും ജീവിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നു.

അതേസമയം ആരോഗ്യകേന്ദ്രങ്ങളുമായി ചേര്‍ന്ന് ഇവര്‍ക്കുള്ള ചികിത്സയും പരിചരണവും ബാന്യന്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതിനായി സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ ആസ്പത്രികളുമായി പ്രൊജക്ട് കോര്‍ഡിനേ്റ്റര്‍മാരും മറ്റു സംവിധാനങ്ങളുമുണ്ട് കേരള ചാപ്റ്ററിന്. വീടുകളില്‍ കഴിയുന്നവരുടെ കാര്യങ്ങളില്‍ കരുതലായി എതുസമയത്തുമായി പി.എ മാരുണ്ട്. ആഴ്ചകളിലുള്ള കൂടിച്ചേരലുകളും കളിയും പഠനവും എല്ലാം ചേര്‍ന്നതാണ് ഈ സംവിധാനം. അങ്ങനെയിരിക്കെ ഹോം എഗെയ്‌നില്‍ സംഭവിച്ച ആദ്യ വിവാഹത്തിന്റെ സന്തോഷത്തിലാണിപ്പോള്‍ സംഘടനയും പ്രവര്‍ത്തരും.

സിന്ധുവും സുധീഷും
14 വര്‍ഷമായി കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന സിന്ധു 2017ലാണ് പുളിക്കലില്‍ ഉള്ള ഹോം എഗെയ്ന്‍ വീടുകളില്‍ ഒന്നിലേക്ക് എത്തിയത്. സിന്ധു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ബാനിയന്റെ കീഴില്‍ ചെറിയ ജോലികള്‍ ചെയ്ത് പണം സമ്പാദിക്കുന്നുണ്ട്. കോഴിക്കോട് പുത്തൂര്‍മഠം സ്വദേശിയാണ് സുധീഷ്. അസുഖബാധിതയായ അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയിലാക്കുമ്പോഴെല്ലാം സുധീഷിനെയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നു. അമ്മയുടെ മരണത്തോടെയാണ് സ്വന്തമായി വീടുണ്ടായിട്ടും സുധീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒറ്റപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബാന്യന്റെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷഹനാസ് സുധീഷിനെ ആസ്പത്രിയില്‍വെച്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംഘടനയുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി ബന്ധപ്പെട്ട് സുധീഷിനെ സ്വന്തം വീട്ടിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചു. പഞ്ചായത്തിന്റെയും സന്നദ്ധ സംഘടകളുടെയും സഹായത്തോടെ വീട് തന്നെ ഹോം എഗെയ്‌നാക്കി മാറ്റുകയാണുണ്ടായത്. പുതുക്കിയ വീട്ടില്‍ താമസിപ്പിച്ചുതുടങ്ങിയ സുധീഷ് ഇപ്പോള്‍ സമീപത്തായി ഒരു ചെറിയ കട നടത്തുന്നുമുണ്ട്.

ബാന്യന്റെ പുളിക്കലിലുള്ള ഡെ കെയറില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍വെച്ചാണ് 49 കാരായ സുധീഷും സിന്ധുവും കണ്ടുമുട്ടിയത്. ആ പരിചയം പിന്നെ വിവാഹ ആഗ്രഹമായി ബാന്യനെ അറിയിക്കുകയായിരുന്നു. കാര്യം ഇരുവരുടെയും നിലവിലെ ബന്ധുക്കളോട് നേതൃത്വം ആലോചിച്ചപ്പോള്‍ പൂര്‍ണസമ്മതമായിരുന്നു മറുപടി. അതോടെ 2020 ജൂണ്‍ ഏഴിന് ഇരുവരും വിവാഹിതരാവുകയാണ്.

ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വിവാഹം. ഹോം എഗെയ്ന്‍ കാലയളവില്‍ ഇവര്‍ സ്വരൂപിച്ച പണത്തില്‍ നിന്നും ഒരുപങ്ക് വിവാഹ സന്തോഷമായി കോവിഡ് നിധിയിലേക്ക് നല്‍കാനും ഇരുവര്‍ക്കും പദ്ധതിയുണ്ട്.

സുധീഷിന്റെ നാടായ പുത്തൂര്‍മഠത്തെ വയോലി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ നടക്കുന്ന ചെറിയ ചടങ്ങിന് ശേഷം ഇരുവരും മലപ്പുറത്തെ പുളിക്കലില്‍ ബന്യന്‍ ഇവര്‍ക്കായി സജ്ജീകരിച്ച ചെറിയ വീട്ടില്‍ താമസം തുടങ്ങുമെന്ന് ദി ബാന്യന്‍ കേരള ചാപ്റ്റര്‍ പ്രോഗ്രാം കോഡിനേറ്റര്‍ സാലിഹ് ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു. തുടര്‍ന്ന് മൂന്ന് മാസത്തിനകം സുധീഷ് സിന്ധുവിനൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകും.

2018 മാര്‍ച്ച് മുതല്‍ ഇന്നുവരെ കേരളത്തിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്നായി 211 ആളുകളെ ആസ്പത്രികളില്‍നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്ക് കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ളവ നല്‍കി ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവരെ വീടുകളിലേക്ക് തന്നെ വിടുന്ന രീതിയും പദ്ധതിയിലുണ്ട്. ഇത്തരത്തില്‍ 99 പേര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുകളുള്ളവരോ ബന്ധുക്കളെ അറിയാത്തവരോ ആയ ആളുകളെ ഹോം എഗെയ്ന്‍ വീടുകളിലേക്ക് മാറ്റുന്നത്. കേരളത്തില്‍ 12 വീടുകളിലായി അറുപതോളം ആളുകളാണ് നിലവിലുള്ളത്. ഇരുപതിലധികം വര്‍ഷത്തെ അനുഭവത്തിന്റെ കരുത്തുള്ള ദി ബാന്യന്റെ ഹോം എഗെയ്ന്‍ പദ്ധതിക്ക് ഹെന്‍സ് ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കുന്നതായും സാലിഹ് കൂട്ടിച്ചേര്‍ത്തു.