അയോധ്യാ വിധിയിലെ വിചിത്ര ന്യായാന്യായങ്ങള്‍-ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

അയോധ്യാ സംബന്ധമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി രാജ്യത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുതകും എന്ന് കരുതുന്നത് തികഞ്ഞ അസംബന്ധമായിരിക്കും. പ്രീണന ശ്രമം അക്രമകാരികളുടെ വീര്യം വര്‍ധിപ്പിക്കുകയേയുള്ളൂ. ഈയിടെയുണ്ടായ സുപ്രീം കോടതി വിധി ഇന്ത്യന്‍ നിയമ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കുക 1975ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച എ.ഡി.എം. ജബല്‍പൂര്‍ ഢ െശിവകാന്ദ് ശുക്ല വിധിയുടെ അതേ ഗണത്തിലായിരിക്കും. ഒരേയൊരു വ്യത്യാസം അയോധ്യ വിധിയില്‍ ജഡ്ജിമാര്‍ ഏകകണ്ഠമായിരുന്നു എന്നത് മാത്രമാണ്.
അയോധ്യാ വിധിയിലൂടെ ഫലത്തില്‍ സുപ്രീം കോടതി പറയാതെ പറഞ്ഞത് ഇന്ത്യയില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്നാണ്. അത് മൂലം സൃഷ്ടിക്കപ്പെട്ടതാവട്ടെ, അതിക്രമങ്ങളെ പാവനവത്കരിക്കുന്ന അത്യന്തം അപകടകരമായ ഒരു കീഴ്‌വഴക്കവും.
അഹചേലംസെഹ സ്ഥാപകന്‍ പ്രതിക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ച പോലെ, അയോധ്യ വിധിയിലൂടെ സംഭവിച്ചത് ഒരു മുഠാളന്‍ പയ്യന്‍ ഒരു കുഞ്ഞുകുട്ടിയുടെ സാന്‍വിച്ച് തട്ടിപ്പറിക്കുമ്പോള്‍ പ്രശ്‌നത്തിലിടപെട്ട് അധ്യാപകന്‍ മുഠാളനെ സാന്‍വിച്ച് എടുക്കാന്‍ അനുവദിക്കുകയും, ഇരയായ കുഞ്ഞിന് ‘നഷ്ടപരിഹാര’മായി ഒരു ഉണങ്ങിയ റൊട്ടിക്കഷ്ണം വാങ്ങിക്കൊടുക്കുകയും ചെയ്ത് ഒരു സന്തുലിത വിധി നടപ്പാക്കുന്നതിന് സമാനമാണ്.
ബാബര്‍ ചക്രവര്‍ത്തിയുടെ ജനറല്‍മാരിലൊരാള്‍ മുസ്‌ലിംകളുടേതല്ലാത്ത ഒരു കെട്ടിടം തകര്‍ത്ത് ആ കെട്ടിടാവശിഷ്ടത്തിന്‍മേലാണ് ബാബ്‌രി മസ്ജിദ് പണിതതെന്ന കോടതി സൂചനയുടെ ശരി തെറ്റുകളിലേക്ക് പ്രവേശിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. വൈദേശികാക്രമണ കാലഘട്ടത്തില്‍ സ്വാഭാവികമായും ധാരാളം ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കാനും തല്‍സ്ഥാനത്ത് മറ്റ് ദേവാലയങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. പക്ഷെ നമ്മുടെ മുമ്പാകെയുള്ള ചോദ്യം അതൊന്നുമല്ല. ഇന്ത്യ മുന്നോട്ടാണോ പ്രയാണം ചെയ്യേണ്ടത് അതല്ല പിറകോട്ടോ എന്നതാണ്.
ഇന്നാണ് ഒരു ക്ഷേത്രം തകര്‍ത്ത് തല്‍സ്ഥാനത്ത് മറ്റൊരു ദേവാലയം പണിയുന്നതെങ്കില്‍ അതിന്റെ മാനം പാടെ മാറും. പക്ഷെ 500 വര്‍ഷം മുമ്പ് തകര്‍പ്പെട്ടു എന്നാരോപിക്കപ്പെടുന്ന ഒരു കെട്ടിടത്തിന്റെ തല്‍സ്ഥിതി പുന:സ്ഥാപിക്കണമെന്ന് ഉത്തരവിടുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള യുക്തിയുണ്ടോ? വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട ഇത്തരത്തിലുള്ളൊരു ‘നവോത്ഥാനം’ അസംബന്ധമാണെന്ന് മാത്രമല്ല, വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ വേണ്ടി വര്‍ഗീയാഗ്‌നി കെടാതെ സൂക്ഷിക്കുക എന്ന ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും സാമുദായിക ധ്രുവീകരണത്തിനും മാത്രമേ ഇത് സഹായകമാവൂ.
വിധിയുടെ 786, 789 ഖണ്ഡികകളില്‍ കോടതി നിരീക്ഷിക്കുന്നത് 1528 മുതല്‍ 1857 ഈ ദേവാലയം മുസ്‌ലിംകളുടെ വശം തന്നെയായിരുന്നോ എന്നുള്ളതിന് മുസ്‌ലിം വിഭാഗത്തിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നാണ്. എന്ത് തെളിവാണാവോ മുസ്‌ലിം വിഭാഗം ഹാജരാക്കേണ്ടിയിരുന്നത്? ആ കാലയളവില്‍ ജീവിച്ച ഒരു ദൃക്‌സാക്ഷിയും ഇന്നില്ല. മാത്രമല്ല, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അവധില്‍ സൂക്ഷിച്ചിരുന്ന സകല രേഖകളും നശിപ്പിക്കപ്പെടുകയുമുണ്ടായി. എന്ത് തന്നെ ആയാലും ഒരു കാര്യം വ്യക്തമാണ്. ആരാധനാലയങ്ങള്‍ അത് ക്ഷേത്രമോ, മസ്ജിദോ, ഗുരുദ്വാരയോ ഏതുമാവട്ടെ നിര്‍മിക്കപ്പെടുന്നത് അലങ്കാരത്തിനായല്ല , മറിച്ച് ആരാധന നടത്താന്‍ വേണ്ടിയാണ്.
ഖണ്ഡിക 798 പറയുന്നത് കാണുക: ‘മുസ്‌ലിംകളെ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയതും പള്ളി പിടിച്ചടക്കിയതും ബിംബപ്രതിഷ്ഠകള്‍ നടത്തി മസ്ജിദിന്റെ പാവനത നഷ്ടപ്പെടുത്തിയതും 22.12.49 നും 23.12.49നും ഇടയിലുള്ള രാത്രിയിലാണ്. മുസ്‌ലിംകളെ പള്ളിയില്‍ നിന്ന് പുറത്താക്കിയത് നിയമപരമായ വഴിയിലൂടെ ആയിരുന്നില്ല. 450 ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ട പള്ളി മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെട്ടത് തെറ്റായ രീതിയിലായിരുന്നു.’
ഇത്രയും വ്യക്തമായ ഒരു കണ്ടെത്തല്‍ കോടതി നടത്തിയിട്ടും തര്‍ക്കഭൂമി ഹിന്ദു സമുദായത്തിന് കൈമാറാന്‍ വിധിച്ചത് ഒരു വിചിത്രമായ ന്യായത്തിന്‍ മേലാണ്.
ഞാന്‍ മനസിലാക്കുന്നത് അയോധ്യ വിധി സാമുദായിക സൗഹാര്‍ദത്തിന് വഴി തെളിയിക്കും എന്ന വാദം ശുദ്ധ അസംബന്ധമാണെന്നാണ്. ഇത്തരത്തിലുള്ള പ്രീണനം, 1938 ലെ മ്യൂണിച്ച് ഉടമ്പടിപോലെ, അതിക്രമകാരികളുടെ വിശപ്പ് കൂട്ടുകയേയുള്ളൂ. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം മുഴങ്ങിക്കേട്ട മുദ്രാവാക്യമായ ‘കാശി, വാരാണസി ബാഖി ഹെ’ വര്‍ധിത വീര്യത്തോടെ ആവര്‍ത്തിക്കപ്പെടും. ബി.ജെ.പി. ലോക്‌സഭാംഗം സാക്ഷി മഹാരാജ് പറഞ്ഞത് ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് മേല്‍ പണിതഡല്‍ഹി ജുമാ മസ്ജിദ് ഉടന്‍ തിരിച്ചു പിടിക്കണമെന്നാണ്. സമാനമായ അവകാശ വാദങ്ങള്‍ താജ് മഹലിനെക്കുറിച്ചും ബിജെപി യിലെ റാഡിക്കലുകള്‍ ഉന്നയിച്ചു കഴിഞ്ഞു. ഇതെല്ലാം എവിടെച്ചെന്നാണാവോ അവസാനിക്കുക?
ശ്രീരാമന്‍ ഒരു പ്രത്യേക സ്ഥലത്താണ് ജനിച്ചതെന്ന് പറയുന്നത് പരിഹാസ്യമാണ്. ഇനി അദ്ദേഹം ഐതിഹ്യ പുരുഷനല്ല, ചരിത്ര പുരുഷന്‍ തന്നെയാണെന്ന് വെക്കുക. 2000 വര്‍ഷം മുമ്പ് ഒരാള്‍ എവിടെയാണ് ജനിച്ചതെന്ന് എങ്ങിനെ കൃത്യമായി പറയാന്‍ കഴിയും?
ഇന്ത്യ അത്യന്തം ഭയാനകമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. ജി.ഡി.പി. വളര്‍ച്ച മുരടിച്ച മട്ടാണ്. നിര്‍മാണ വ്യവസായ മേഖലകള്‍ മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ച്ചയിലാണ്. തൊഴിലില്ലായ്മാ നിരക്ക്, കേന്ദ്ര സര്‍ക്കാറിന്റെ തന്നെ നേഷനല്‍ സാംപിള്‍ സര്‍വെ പ്രകാരം, സര്‍വകാല റെക്കാര്‍ഡാണ്. ആഗോള പട്ടിണി സൂചിക പ്രകാരം ശിശു പോഷകാഹാരക്കുറവ് ഭീതിതമാംവണ്ണം ഉയര്‍ന്ന തോതിലാണ്. രാജ്യത്തെ 50 ശതമാനം സ്ത്രീകള്‍ വിളര്‍ച്ച ബാധിച്ചവരും, പൊതു വിദ്യാഭ്യാസ ആരോഗ്യ സംരക്ഷണ മേഖല അത്യന്തം പരിതാപകരമായ അവസ്ഥയിലുമാണ്. ഇതിനെല്ലാം പുറമെ കര്‍ഷക ആത്മഹത്യകള്‍ നിര്‍ബാധം തുടരുന്നു.
രാഷ്ട്രത്തിന് മുമ്പാകെ വലിയ ചോദ്യ ചിഹ്നങ്ങളായി നില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എങ്ങിനെ പരിഹാരം കാണാം എന്നുള്ളതിനെക്കുറിച്ച് ഒരു ഫോര്‍മുലയും കയ്യിലില്ലാത്ത നമ്മുടെ നേതാക്കള്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ കാട്ടിക്കൂട്ടുന്ന ഉടായിപ്പുകളായ യോഗാ ദിനം, സ്വച് ഭാരത് അഭിയാന്‍, 370ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയുടെ വര്‍ഗത്തിലേ അയോധ്യയിലെ റാം മന്ദിര്‍ വിഷയവും ഉള്‍പ്പെടുത്തേണ്ടതുള്ളൂ. 1947ലെ വിഭജനത്തിനു ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ച. അയോധ്യ വിധിയില്‍ മസ്ജിദ് തകര്‍ത്തത് നിയമ വിരുദ്ധ നടപടിയായിരുന്നെന്ന് പറയുന്ന കോടതി അതെ ശ്വാസത്തില്‍ തന്നെ അത് പാവനവല്‍കരിക്കുകയും ചെയ്യുന്നു.