തിരുവനന്തപുരം : ഐടി സെക്രട്ടറി ആര് ശിവശങ്കര്‍ സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് അയല്‍വാസി കൂടിയായ അസോസിയേഷന് ഭാരവാഹി. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ അന്വേഷണം ഐ.ടി വകുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
മുടവന്‍മുഗളിലുള്ള സ്വപ്നയുടെ ഫ്ലാറ്റില്‍ ഐ.ടി സെക്രട്ടറി ശിവശങ്കറും സംഘവും നിത്യസന്ദര്‍ശകരായിരുന്നുവെന്ന് അയല്‍വാസികളും സെക്യൂരിറ്റി ജീവനക്കാരനും പറയുന്നു. ഔദ്യോഗിക വാഹനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഘവും എത്തിയിരുന്നത്. ശിവശങ്കറിനൊപ്പം മറ്റ് ആള്‍ക്കാരും ഉണ്ടാകുമെന്നും രാത്രി വളരെ വൈകിയാണ് ഇവര്‍ തിരിച്ചുപോയിരുന്നതെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സംഘത്തിന്റെയും അസമയത്തെ വരവും പോക്കും മദ്യ സല്‍ക്കാരവും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മറ്റ് താമസക്കാര്‍ക്കും തലവേദനയായിരുന്നതായും ഇവര്‍ വ്യക്തമാക്കി. ആര് ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്ന വിവരം സ്പ്രിഗ്ളര്‍ വിവാദത്തോടെയാണ് തങ്ങള്‍ അറയുന്നതെന്നും അസോസിയേഷന് ഭാരവാഹി മാധ്യമങ്ങളോട് പ്രതികരിച്ചു.
കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്പോഴാണ് സ്വപ്ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വര്‍ഷം മുന്‍പാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്ളാറ്റിലെ താമസക്കാര്‍ പറയുന്നു. രാത്രി വൈകുവോളം ആളുകള്‍ വന്നുപോകുകയും രാത്രിയിൽ പാർട്ടികള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു.

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വര്‍ണ്ണം കടത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്ന സുരേഷും, യു.എ.ഇ കോണ്‍സുലേറ്റ് പി.ആര്.ഒ സരിത്തും ഐ.ടി സെക്രട്ടറിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തു വന്നു. നേരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊച്ചി കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പിടിയിലാണ് സരിത്ത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം പുറത്തായതോടെ ഐ.ടി വകുപ്പില്‍ നിന്ന് സ്വപ്നയെ പിരിച്ചുവിട്ടു. എന്നാലിത് മുഖം രക്ഷിക്കല്‍ നടപടിയാണെന്നാണ് ഉയരുന്ന ആക്ഷേപം. സ്പെയ്സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്ന ഇവര്‍ക്ക് നല്‍കിയിരുന്നത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും തസ്തികയില്‍ തുടരുകയായിരുന്നു സ്വപ്നയെയാണ് ഇപ്പോള്‍ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. ഇവർ താൽക്കാലിക ജീവനക്കാരി മാത്രമാണെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. കോൺസുലേറ്റിലെ എക്സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന ഒളിവിലാണ്.