മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്‍ പുരിഞ്ഞി വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റ്യാടി തൊട്ടില് പാലം കലമാട്ടമ്മല്‍ മരുതോരമല്‍ വിശ്വന് എന്ന വിശ്വനാഥന് (42) ആണ് അറസ്റ്റിലായത്.
മോഷണശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് എസ്.പി കറപ്പസ്വാമി അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. പ്രദേശത്ത് നേരത്തേ പരിചയമുള്ളയാളാണ് പ്രതി. ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരവധി തവണ എത്തിയിട്ടുള്ള ഇയാള്‍ക്ക് വ്യാപാരിയായ ഉമ്മറിനെക്കുറിച്ച് ധാരണയുണ്ടായിരുന്നു. പ്രതി നേരത്തേ പല കേസുകളിലായി പിടിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. കേസിന്റെ ഭാഗമായി 800ലധികം പേരെ ചോദ്യം ചെയ്തതായും നിരവധി വാഹനങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിലധികമായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ക്കുറിച്ചുള്ള സൂചനകളിലേക്ക് അന്വേഷണ സംഘത്തിന് എത്താന്‍ കഴിഞ്ഞത്. ജൂലൈ ആറിനായിരുന്നു കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമര്‍, ഭാര്യ ഫാത്തിമ എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലക്ക് മാരകമായി വെട്ടേറ്റിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വീടിന് പരിസരത്ത് മുളക് പൊടി വിതറുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്ന് എട്ടരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മാനന്തവാടി ഡി വൈ എസ് പി കെ ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ് കേസന്വേഷിച്ചത്. പ്രതിയെ പിടികൂടാത്തതിനെതിരെ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് അറസ്റ്റ്.