രാജ്യസ്‌നേഹം; 2012ലെ അനുപം ഖേറിന്റെ പോസ്റ്റ് പങ്കുവെച്ച് ശശി തരൂര്‍ – ട്വിറ്ററില്‍ വാക്‌പോര്

കോണ്‍ഗ്രസ് എംപി ശശി തരൂരും ബിജെപി ആര്‍എസ്എസ് അനുഭാവിയും നടനുമായ അനുപം ഖേറും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. രാജ്യസ്‌നേഹം കാണിച്ച് 2012ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെ്ത് ഒരു ട്വീറ്റ് തരൂര്‍ ഇന്നലെ റീ ട്വീറ്റ് ചെയ്‌തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

‘തന്റെ രാജ്യത്തെ പ്രതിരോധിക്കാന്‍ ഒരു രാജ്യസ്‌നേഹി എപ്പോഴും സര്‍ക്കാരിനെതിരെ നില്‍്ക്കാന്‍ തയ്യാറാകണമെന്ന, എഴുത്തുകാരന്‍ എഡ്വോര്‍ഡ് ആബെയുടെ വാക്കുകളായിരുന്നു ഖേര്‍ യുപിഎ ഭരണകാലത്ത് ട്വീറ്റ് ചെയ്തിരുന്നത്. ഈ ട്വീറ്റാണിപ്പോള്‍ ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ മോദി സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്ന സമയത്ത് തരൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ‘നന്ദി അനുപം ഖേർ ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് യോജിക്കുകയാണ്.. ‘ നമ്മുടെ രാജ്യത്തെ എല്ലായ്പ്പഴും പിന്തുണയ്ക്കുന്നതും അർഹിക്കുന്ന ഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതുമാണ് യഥാർഥ ദേശ സ്നേഹം’ എന്ന മാർക് ട്വെയിനിന്‍റെ വാചകമാണ് തരൂർ കുറിച്ചത്. എന്നാൽ ഇതോടെ രണ്ട് പേരും തമ്മിൽ വാക്പോരിന് തുടക്കമാവുകയായിരുന്നു.

2012ലെ എന്‍റെ ഒരു ട്വീറ്റ് തെരഞ്ഞ് കണ്ടുപിടിച്ച് നിങ്ങൾ കമന്‍റെ് ചെയ്തു.. നിങ്ങൾക്ക് യാതൊരു പണിയുമില്ല.. നിങ്ങൾ ഒരു ദുർബല മനസിന് ഉടമയാണ് എന്നതിന്‍റെ തെളിവാണിത്.. നിങ്ങൾ വളരെയധികം തരംതാണിരിക്കുന്നു എന്ന് ഇത് തെളിയിച്ചിരിക്കുകയാണ്.. അഴിമതിക്കാരുടെ കാര്യത്തിൽ എന്‍റെ ട്വീറ്റ് ഇപ്പോഴും പ്രാധാന്യം അർഹിക്കുന്നുണ്ട്.. ഇത് നിങ്ങൾക്കും അറിയാം..’ എന്നായിരുന്നു തരൂരിന് ലഭിച്ച മറുപടി.

എന്നാല്‍ ഖേറിന് ഉടനടി മറുപടിയുമായി തരൂര്‍ രംഗത്തെത്തി. ‘ഞാന്‍ തരംതാണു എന്ന് നിങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍ 1962, 1975, 1984 വര്‍ഷങ്ങളിലെ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന ഒരു സര്‍ക്കാരിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ഇതും ഒരു പണിയില്ലാത്തതിന്റെയും ദുര്‍ബല മനസാണ് എന്നതിന്റെയും തെളിവാണോ? അതിര്‍ത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ആളുകളെ ഉദ്ദേശിച്ചായിരുന്നു എന്റെ ട്വീറ്റ്’ തരൂര്‍ മറുപടി നല്‍കി.

ബിജെപിയും മോദിയും എല്ലാ പരാജയങ്ങളിലും നെഹ്‌റുവിനെയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തുന്ന രീതിക്കെതിരെ ഉന്നംവെച്ചായിരുന്നു തരൂരിന്റെ കടുത്ത മറുപടി.