താനൂരില്‍ മദ്യപാന സംഘം തമ്മില്‍ കത്തിക്കുത്ത്; പരിക്കേറ്റയാള്‍ മരണപ്പെട്ടു

താനൂര്‍: താനൂരില്‍ മദ്യപാന സംഘം തമ്മിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. തിരൂര്‍ പുല്ലൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലക്കടത്തൂര്‍ അരീക്കാട് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ധീന്‍ ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു ഇയാള്‍ക്ക് കുത്തേറ്റത്.

ഇയാള്‍ക്കൊപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അസല്‍ ഗുരുതര പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മോശമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.


പലവിധ കേസുകളില്‍ പ്രതികളായ രാഹുല്‍, സുഫിയാന്‍ എന്നിവരോടൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഇവര്‍ ശിഹാബിനേയും അസലിനേയും കുത്തിവീഴ്ത്തുകയായിരുന്നു. താനൂര്‍ നടക്കാവിനും പാലക്കുറ്റിയഴി തോടിനും ഇടയില്‍ റെയില്‍ ഓവുപാലത്തിന് അടിയില്‍ ഇന്നലെ വൈകുന്നേരമാണ് കത്തികുത്തുണ്ടായത്. രാഹുലും സുഫിയാനും ശിഹാബും ഒട്ടനവധി കേസുകളില്‍ പ്രതികളാണെന്ന് താനൂര്‍ സി.ഐ പ്രമോദ് ടി.വി പറഞ്ഞു.

തിരൂരില്‍ നിന്ന് മദ്യം വാങ്ങിയ ശേഷമായിരുന്നു നാലംഗ സംഘം മദ്യപിക്കാനായി ഓവുപാലത്തിന് അടിയില്‍ ഒത്തുകൂടിയത്. ശിഹാബിനെതിരെ വളാഞ്ചേരി, തിരൂരങ്ങാടി, തിരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വാഹനമോഷണം, കവര്‍ച്ച തുടങ്ങിയവക്ക് നിലവില്‍ കേസുകളുണ്ട്. ശിഹാബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

SHARE