ന്യൂഡല്‍ഹി: 42 പേരുടെ മരണത്തിന് ഇടയാക്കിയ ദിവസങ്ങള്‍ നീണ്ടുനിന്ന ഡല്‍ഹി വംശഹത്യയെ നിസംഗമായി നോക്കി നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ അപലപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിഷയത്തില്‍ ഒടുക്കം മോദി ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തെ പരിഹസിച്ചായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
കലാപം ആരംഭിച്ച് 69 മണിക്കൂറുകള്‍ പിന്നിട്ട ശേഷം മോദി നടത്തിയ പ്രതികരണത്തെ ‘അതിവേഗം’നടപടിയെന്നാണ് സിബല്‍ പരിഹസിച്ചത്.
‘അതിവേഗത്തിലുള്ള പ്രതികരണം, 69 മണിക്കൂറുകള്‍ നീണ്ട നിശബ്ദതയ്ക്കൊടുവില്‍ നമ്മുടെ സഹോദരി സഹോദരന്മാരോട് സംസാരിക്കാന്‍ തയ്യാറായതിന് മോദിജി, താങ്കളോട് നന്ദിയുണ്ട്, സിബല്‍ കുറിച്ചു
കലാപത്തില്‍ സംഭവിച്ച ദുരിതങ്ങള്‍ വ്യക്തമാക്കിയായിരുന്നു സിബലിന്റെ ട്വീറ്റ്.
ഇതുവരെ 38 മരണം രേഖപ്പെടുത്തി, എണ്ണല്‍ തുടരുകയാണ്. 200ലേറെ പേര്‍ക്ക് പരിക്കേറ്റു, ആയിരക്കണക്കിന് ആളുകള്‍ക്ക് മാനസികമായി മുറിവേറ്റു, പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. നമ്മുടെ മുഖ്യമന്ത്രിയാകട്ടെ പ്രാര്‍ഥിച്ചു. നിങ്ങളുടെ മന്ത്രി കോണ്‍ഗ്രസിനെ പഴിചാരുന്നു.’ ട്വിറ്ററില്‍ കപില്‍ സിബല്‍ കുറിച്ചു.
സംഘ്പരിവാര്‍ ആസൂത്രിത കലാപത്തില്‍ ഡല്‍ഹി കത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അഹമ്മദാബാദിലൊരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു മോദി. തുടര്‍ന്ന് കലാപം ശമിച്ചുതുടങ്ങിയ ബുധനാഴ്ച വൈകീട്ടോടെയാണ് സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ ഡല്‍ഹി ജനതയോട് ആവശ്യപ്പെട്ട് മോദി ട്വീറ്റ് ചെയ്യുന്നത്. കലാപത്തെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നോക്കിനിന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.