പി.എന്‍.ബി തട്ടിപ്പ്; കേന്ദ്രത്തെ പരിഹസിച്ച് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. തട്ടിപ്പിന് കാരണം ബാങ്ക് മാനേജ്മെന്റും ഓഡിറ്റര്‍മാരെയുമാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ഓഡിറ്റര്‍മാരെ കുറ്റപ്പെടുത്തിയവര്‍ തട്ടിപ്പില്‍ പ്യൂണിനെ കുറ്റപ്പെടുത്താതിരുന്നതിന് ദൈവത്തിന് നന്ദിയെന്നായിരുന്നു സിന്‍ഹ ട്വറ്ററിലൂടെ പരിഹസിച്ചത്. ‘നെഹ്റുവിന്റെ ഭരണത്തില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ ദുര്‍ഭരണം വരെയുള്ള എല്ലാവരെയും കുറ്റപ്പെടുത്തിയതിനു ശേഷം നമ്മുടെ ബുദ്ധിമാന്മാര്‍ പറയുന്നു, പി. എന്‍.ബി തട്ടിപ്പിന് ഓഡിറ്റര്‍മാരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന്. ദൈവത്തിന് നന്ദി…അവര്‍ പ്യൂണിനെ വെറുതെ വിട്ടതിന്. നിശ്ശബ്ദമായ ചോദ്യം ഇതാണ്. പി. എന്‍.ബിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ എന്ന നിലയില്‍ കഴിഞ്ഞ ആറുവര്‍ഷത്തില്‍ നാലുവര്‍ഷവും സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു- സിന്‍ഹ ട്വീറ്റ് ചെയ്തു.

പി.എന്‍.ബി തട്ടിപ്പ് 2011ല്‍ യു.പി. എ കാലത്ത് തുടങ്ങിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ബി.ജെ. പി അധികാരത്തില്‍ വന്ന് നാലു വര്‍ഷമായിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്നും സിന്‍ഹ ചോദിച്ചു.