തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: ബിജെപി നേതാക്കളുടെ ഭീഷണിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തിരിപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ പെരിയാര്‍ പ്രതിമയാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി ടൗണ്‍ ജനറല്‍ സെക്രട്ടറി മുത്തുകുമാരനാണ് അറസ്റ്റിലായ ഒരാള്‍. രണ്ടാമത്തെയാള്‍ സിപിഐക്കാരനാണ്. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെയാണ് ബിജെപി നേതാവ് എച്ച് രാജ പെരിയാറിനെതിരെ രംഗത്ത് വന്നത്. ‘ആരാണ് ലെനിന്‍? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? ത്രിപുരയില്‍ ലെനിന്റെ പ്രതിമയാണ് തകര്‍ത്തത്. നാളെ തമിഴ്‌നാട്ടില്‍ അത് പെരിയാറിന്റേതായിരിക്കും’ ഇതായിരുന്നു രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.

രാജക്ക് മുമ്പ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്ജി സൂര്യയും പെരിയാറിനെതിരെ രംഗത്ത് വന്നിരുന്നു. ത്രിപുരയില്‍ ലെനിനെ വിജയകരമായി താഴെയിറക്കി, അടുത്ത ലക്ഷ്യം തമിഴ്‌നാട്ടില്‍ ഇവി രാമസ്വാമിയുടെ പ്രതിമകളാണ് എന്നായിരുന്നു സൂര്യ ട്വിറ്റ് ചെയ്തത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നെങ്കിലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നായിരുന്നു സൂര്യയുടെ നിലപാട്.

SHARE