തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പടെ നാല് ജില്ലകളില്‍ അടച്ചിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ചെന്നൈക്ക് പുറമെ തിരുവെള്ളൂര്‍, കാഞ്ചിപുരം. ചെങ്കല്‍പേട്ട് ജില്ലകളാണ് ഈ മാസം മുപ്പത് വരെ അടച്ചിടുക. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്‍കിയ ശുപാര്‍ശപ്രകാരമാണ് നിയന്ത്രണം കടുപ്പിക്കാനുള്ള തീരുമാനം.

റോയപുരം, കോടമ്പാക്കം, തേനാമ്പേട്ട്, അണ്ണാനഗര്‍ അടക്കം ആറ് മേഖലകള്‍ അടച്ചിടാനാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയത്. രാജ്യത്ത് കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ഇതുവരെ 44,661 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,974 പേരാണ് രോഗബാധിതര്‍. ഇതുവരെ 435 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതുവരെ 24,547 പേര്‍ രോഗമുക്തരായിട്ടുണ്ട്.

അതേസമയം ചെന്നൈ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട് പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പൊലീസ് സഹായം തേടി. അതിനിടെ മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ മീഡിയ റൂം അടച്ചു.

SHARE