പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില; ലോക്ക്ഡൗണ്‍ ലംഘിച്ച് മന്ത്രിമാരുടെ രാമനവമി ആഘോഷം

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ ലംഘിച്ച് രാമനവമി ആഘോഷവുമായി തെലങ്കാന മന്ത്രിമാര്‍. നിയമപരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍ റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍ എന്നിവരാണ് തലയില്‍ രാമനവമി ആഘോഷത്തിലെ റാലിയില്‍ പങ്കെടുത്തത്. ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോവിഡ് രാജവ്യാപകമായി പടര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിലക്ക് ലംഘിച്ച് ബിജെപി മന്ത്രിമാര്‍ തന്നെ രംഗത്തെത്തുന്ന കാഴ്ച്ചയാണുള്ളത്.

സംസ്ഥാനത്താകെ ഇതുവരെ 127 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, പോലീസെത്തി ആളുകളെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ഇന്ന് പൂജ നടക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. ഇതോടെ ഗേറ്റിന് പുറത്ത് തീര്‍ത്ഥാടകര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. അതേസമയം പോലീസുകാര്‍ക്കെതിരെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അതേസമയം, കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ നടന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ആഘോഷങ്ങളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൂജക്ക് ശേഷം ആളുകളോട് വീട്ടില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചു.