വിവാദമായതോടെ തബ്രീസ് അന്‍സാരി കേസില്‍ കൊലപാതകക്കുറ്റം പുന:സ്ഥാപിച്ച് പൊലീസ്


റാഞ്ചി: ജാര്‍ഖണ്ഡില്‍ തബ്രിസ് അന്‍സാരിയെന്ന മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ കൊലപാതകക്കുറ്റം പൊലീസ് പുനഃസ്ഥാപിച്ചു. ജൂലൈ 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒഴിവാക്കിയ ഐപിസി 302 വകുപ്പാണ് പൊലീസ് വീണ്ടും ചേര്‍ത്തിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം.

തബ്രിസ് അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് കാട്ടിയാണ് കൊലക്കുറ്റം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചത്. കൊലക്കുറ്റം നിലനില്‍ക്കുന്ന തെളിവുകള്‍ ഇല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ്. അതുകൊണ്ട് തന്നെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത് എന്നുമായിരുന്നു പൊലീസിന്റെ അന്നത്തെ വിശദീകരണം.

ജൂണ്‍ 17 നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കേസില്‍ പൊലീസും ഡോക്ടര്‍മാരും അലംഭാവം കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

SHARE