ന്യൂഡല്‍ഹി; ഇന്ത്യയില്‍ ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ 49കാരന് കോവിഡില്‍ നിന്നു പൂര്‍ണമായി മുക്തനായെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ നാലുമുതല്‍ രോഗബാധിതനായ ഇയാള്‍ എട്ടുമുതല്‍ വെന്റിലേറ്ററിലായിരുന്നു. വീട്ടുകാരുടെ അഭ്യര്ഥനയെത്തുടര്ന്നാണ് ഇയാള്‍ക്ക് പ്ലാസ്മ തെറാപ്പി ചെയ്തത്. മൂന്നാഴ്ച മുന്‍പ് രോഗം ഭേദമായ വ്യക്തിയായിരുന്നു പ്ലാസ്മ ദാതാവ്. തെറാപ്പി കഴിഞ്ഞ് നാലു ദിവസത്തിനുള്ളില്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. ഇന്നലെ രാവിലെ ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
അതേസമയം, പ്ലാസ്മ തെറാപ്പിക്ക് രോഗം ഭേദമായവരാരും മുന്നോട്ടുവന്നിരുന്നില്ല. കോവിഡ് രോഗം ഭേദമായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. അതിനായി രോഗം ഭേദമയയവര് മുന്നോട്ടുവരണം. പക്ഷേ ഡോണേഴ്സിനെ കണ്ടെത്താനാകാതെ ഡല്‍ഹി സര്‍ക്കാര്‍ വിഷമിക്കുന്ന കാഴ്ചയാണു കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. ഡോണേഴ്സിനു വേണ്ടി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി. ഒടുവില്‍ സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നു രോഗം ഭേദമായി ഡിസ്ചാര്‍ജായ മുന്നൂറോളം പേര് പ്ലാസ്മ ഡൊണേറ്റ് ചെയ്യാനായി മുന്നോട്ടുവന്നു. ഇത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അവരാണിപ്പോള്‍ പ്ലാസ്മാ ദാതാക്കളായി മുന്നോട്ടുവന്നിരിക്കുന്നത്. തെലങ്കാനയിലും ആന്ധ്രയിലും തങ്ങള്‍ പ്ലാസ്മ ഡൊണേറ്റ് ചെയ്യുമെന്നാണ് അവിടെ രോഗം ഭേദമായ തബ്ലീഗ് ജമാഅത്തുകാര്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രാജ്യത്ത് കോവിഡ് പരത്തിയതെന്ന് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിരുന്നു. മലയാളം മാധ്യമങ്ങളിലുള്‍പ്പെടെ തബ്ലീഗ് കോവിഡ് എന്ന് വന്നതും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പിക്ക് തയ്യാറായി കോവിഡ് ഭേദമായ തബ്ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്.