പാഠപുസ്തക വിതരണം അവതാളത്തില്‍; ദുരിതത്തിലായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം അവതാളത്തില്‍. പാഠപുസ്തകത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് വെള്ളത്തിലായത്. മലപ്പുറം ജില്ലയില്‍ 60 ലക്ഷത്തിനു മുകളില്‍ പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മെയ് 13ന് ആരംഭിച്ച പുസ്തക വിതരണം ഒരു മാസം കഴിഞ്ഞിട്ടും 20 ലക്ഷം മാത്രമാണ് എത്തിയത്. മറ്റു ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥ. സ്‌കൂളില്ലാത്തതുകൊണ്ട് പുസ്തകം നോക്കി പഠിക്കാനുള്ള അവസരം കൂടിയാണ് ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകുന്നത്. ഈ മാസം പകുതിയോടെ പുസ്തകവിതരണം പൂര്‍ത്തിയാകുമെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ വാക്കും പാഴ്‌വാക്കായി.

ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ വിതരണത്തിന് റെഡിയാണെന്ന വീമ്പുപറച്ചിലും വെറുതെയായിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിച്ചതിനാല്‍ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ത്തന്നെ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചില ക്ലാസ്സുകളിലെ ഒരു പുസ്തകവും എത്തിയിട്ടില്ല. അംഗീകാരമുള്ള അണ്‍ എയിഡഡ് സ്‌കൂളുകളെയും പുസ്തകം ലഭിക്കാത്തത് പ്രയാസത്തിലാക്കിയിട്ടുണ്ട്. പുസ്തകത്തിന്റെ എണ്ണം സ്‌കൂളുകള്‍ നേരത്തെ നല്‍കിയിരുന്നു. എന്നിട്ടും പകുതി പുസ്തകങ്ങള്‍ പോലും എത്താത്തത് തികഞ്ഞ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.

SHARE