മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന് മോചനം; മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയിദിനെ പാക്കിസ്ഥാന്‍ കോടതി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ പരിഹാസ രൂപേണയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായയുള്ള മോദിയുടെ നയതന്ത്രത്തിലെ പരാജയം തുറന്നു കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസ ട്വീറ്റ്.

ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്നും കൂടുതല്‍ ആലിംഗനങ്ങള്‍ അടിയന്തരമായി വേണമെന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

‘നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക് സൈന്യത്തിന് ലഷ്‌കറെ തൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പ്പെടുത്തിയിരിക്കുകയാണ്. ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു . കൂടുതല്‍ ആലിംഗനം അടിയന്തിരമായി ആവശ്യമാണ്’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു.

ജമാഅത്ത ഉദ് ധവാ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയ്യിദിനെ കഴിഞ്ഞ ദിവസം പാകിസ്താന്‍ സ്വതന്ത്രനാക്കിയിരുന്നു. കഴിഞ്ഞ 297 ദിവസം വീട്ടു തടങ്കലില്‍ കഴിയവെയാണ് മോചിപ്പിച്ചത്. മുബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാംവാര്‍ഷികത്തിന് തൊട്ടു മുമ്പാണ് മോചനമെന്നതും ശ്രദ്ധേയമാണ്.
ട്രംപുമായി കൂടുതല്‍ അടുക്കുന്നത് പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാക്കുന്നുവെന്നാണ് ഹാഫിസിന്റ മോചനം കൊണ്ട് വ്യക്തമാകുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.