ദേവാലയത്തിന് നേരെ ഭീകരാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഭീകരന്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. മാര്‍മിന പള്ളിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകായിരുന്നു ഭീകരര്‍. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി ഈജിപ്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ദേവാലയത്തിന് പുറത്തായിരുന്നു ആക്രമണം. അക്രമികളെ പൊലീസ് കണ്ടെത്തിയതോടെ ഇവര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. തോക്കുധാരികളായ രണ്ട് അക്രമികള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ രക്ഷപെട്ടതായും പൊലീസ് വ്യക്തമാക്കി. എന്നാല്‍, കൊല്ലപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷ വേളയില്‍ ഒട്ടേറെ അക്രമണങ്ങള്‍ ഐഎസ് തീവ്രവാദികള്‍ അഴിച്ചു വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ദേവാലയത്തിന് സമീപത്തു നടന്ന വെടിവയ്‌പ്പെന്നും പൊലീസ് വ്യക്തമാക്കി. മുന്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് പൊലീസും സൈന്യവും ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 2000 അക്രമണങ്ങളാണ് നടന്നത്.