ഉറക്കം കെടുത്തി ഭീകരാക്രമണങ്ങള്‍

ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ തീവ്രവാദത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അല്‍ഖാഇദ, ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തുടങ്ങിയ ഭീകരസംഘടനകള്‍ പലഘട്ടങ്ങളില്‍ ഇന്തോനേഷ്യയില്‍ രക്തപ്പുഴ ഒഴുക്കി. കൂടാതെ പല പേരുകളില്‍ അറിയപ്പെടുന്ന പ്രാദേശിക തീവ്രവാദ സംഘടനകളും രാജ്യത്തിന്റെ ഉറക്കംകെടുത്തുന്നുണ്ട്. 2002ല്‍ ബാലി ദ്വീപിലെ ഒരു ബാറിനും നൈറ്റ് ക്ലബ്ബിനും സമീപമുണ്ടായ ബോംബാക്രമണങ്ങളില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ഖാഇദയുടെ സഹായത്തോടെ ജമാഅ ഇസ്്‌ലാമിയ(ജെ.ഐ) എന്ന സംഘടനയാണ് ഈ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു. 2000ത്തിലെ ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെ വിവിധ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ആക്രമങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തു. 2016 ജനുവരിയിലാണ് ഇന്തോനേഷ്യയില്‍ ആദ്യ ഐ.എസ് ആക്രമണം നടന്നത്. മധ്യ ജക്കാര്‍ത്തയിലുണ്ടായ സ്‌ഫോടന പരമ്പരകളിലും വെടിവെപ്പുകളിലും നാല് സാധാരണക്കാരും നാല് അക്രമികളും കൊല്ലപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം കുര്‍ബാനക്കിടെ ചര്‍ച്ചുകളില്‍ ആക്രമണം നടത്തിയതും ഐ.എസായിരുന്നു. ജമാഅത് അന്‍ഷാറത് ദൗല(ജെ.എ.ഡി) എന്ന സംഘടനയാണ് ഐ.എസിന് ഇന്തോനേഷ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെ ചാവേറുകളാക്കി നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ജെ.എ.ഡിയുടെ കരങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2015ലാണ് ജെ.എ.ഡി രൂപംകൊണ്ടത്. അമാന്‍ അബ്ദുറഹ്്മാന്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്നിലധികം തീവ്രവാദസംഘടനകള്‍ ലയിക്കുകയായിരുന്നു. ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന അമാന്‍ അബ്ദുറഹ്്മാന് നിരവധി അനുയായികളുണ്ട്. ഇന്തോനേഷ്യയിലെ ഏറ്റവും അപകടകരമായ സംഘടനയെന്നാണ് ജി.എ.ഡിയെ ദേശീയ ഭീകരവിരുദ്ധ ഏജന്‍സി വിശേഷിപ്പിച്ചിരിക്കുന്നത്.

SHARE