തെലങ്കാന: വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്.സബ് ഇന്‍സ്പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് സസ്പെന്ഷന്.
പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്ന്ന്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനടുത്തുള്ള ഷാഡ്നഗര്‍ പോലീസ് സ്റ്റേഷനുചുറ്റും തടിച്ചുകൂടിയ ആളുകള്‍ പോലീസിനുനേരെ ചെരിപ്പുംമറ്റും വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാനായി പോലീസ് പിന്നീട് ലാത്തിച്ചാര്‍ജ് നടത്തി. വിചാരണയില്ലാതെതന്നെ പ്രതികളെ തൂക്കിക്കൊല്ലണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം.
നവംബര്‍ 27 ന് രാത്രിയാണ് 26 കാരിയായ ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംചെയ്ത് കൊന്നത്. ബെംഗളൂരുഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപത്തായിരുന്നു സംഭവം നടന്നത്. ലോറിെ്രെഡവറായ മുഹമ്മദ് ആരിഫും സുഹൃത്തുക്കളായ ജോളു നവീന്‍, ചെന്ന കേശവുലു,ജോളു ശിവ എന്നിവരും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇവരെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.