തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കിണറ്റില്‍ മരിച്ച നിലയില്‍

ഹൈദരാബാദില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. അതിഥി തൊഴിലാളിയായ മക്‌സൂദ് ആലം, ഭാര്യ നിഷ, ആണ്‍മക്കളായ സൊഹൈല്‍, ഷബാദ്, മകള്‍ ബുഷ്ര, മകളുടെ മൂന്നു വയസ്സുകാരനായ മകന്‍, ത്രിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രാഥമിക പരിശോധനയില്‍ മൃതദേഹങ്ങളില്‍ പരുക്കുകളൊന്നുമില്ല.

20 വര്‍ഷം മുന്‍പു ബംഗാളില്‍ നിന്നു വാറങ്കലിലേക്കു കുടിയേറിയതാണ് മക്‌സൂദും കുടുംബവും. ചണം മില്ലിലെ തൊഴിലാളികളാണ് ഇവര്‍. കരിമാബാദിലെ വാടക വീട്ടിലായിരുന്നു ആറംഗ കുടുംബത്തിന്റെ താമസം. മില്ലിലെ ഡ്രൈവറാണ് മരിച്ച ത്രിപുര സ്വദേശിയായ ഷക്കീല്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇവര്‍ ജോലി ചെയ്തിരുന്ന ചണം മില്ലിന്റെ ഗോഡൗണിന്റെ താഴത്തെ നിലയിലായിരുന്നു ഇവരുടെ താമസം. ഈ സമയം മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നവരാണ് മരിച്ച ബിഹാര്‍ സ്വദേശികള്‍.

മരണം ആത്മഹത്യയായിരിക്കുമെന്ന വാദം തള്ളിയ എ.സി.പി ശ്യാം സുന്ദര്‍ കുടുംബത്തോടൊപ്പം മറ്റു മൂന്നു പേരുടേയും മൃതദേഹങ്ങള്‍ കിട്ടിയത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

SHARE