‘അവര്‍ മരിച്ചതല്ല കേരള സര്‍ക്കാര്‍ കൊന്നതാണ്’; തെലങ്കാനയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി കുടുംബത്തിന്റെ മരണത്തെക്കുറിച്ച് സുഹൃത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സര്‍ക്കാരിന്റെ അനാസ്ഥയാണ് തന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് നിതിന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പുലര്‍ച്ച 3 മണിക്ക് ഷൈന്‍ ന്റെ ഫോണ്‍ കോള്‍. അവനും ഗര്‍ഭിണിയായ അവന്റെ ഭാര്യയും സ്‌റ്റെനി എന്ന സുഹൃത്തും, അനീഷും, അനൂപും അവരുടെ ഭാര്യമാരും കുട്ടികളുമടക്കം മൂന്ന് കാറിലായ് ബീഹാറില്‍ നിന്ന് കേരളത്തിലേക്ക് റോഡ് മാര്‍ഗ്ഗം യാത്ര പുറപെട്ട് രണ്ട് ദിവസമായിരുന്ന സന്ദര്‍ഭത്തില്‍ ഫോണ്‍ എടുത്തത് ഒന്ന് ശ്വാസം അടക്കി പിടിച്ച് കൊണ്ട് തന്നെയായിരുന്നു. ഷൈന്‍ പറഞ്ഞത് ഇങ്ങനെയും; ഡാ വരുന്ന വഴിയില്‍ നിസാമാബാദ് ജില്ലയില്‍ (തെലങ്കാന) വെച്ച് അനീഷിന്റെ കാര്‍ ലോറിയില്‍ ഇടിച്ചു, അടുത്തുള്ള ഗവണ്‍മന്റ് ആശുപത്രിയിലാണിപ്പോള്‍ സഹയത്തിനു ആരുമില്ല നീ വേഗം എന്തെങ്കിലും ഒന്ന് ചെയ്യ്. ഞാന്‍ ലൊക്കേഷന്‍ വാട്‌സാപ്പ് ചെയ്യാം. അല്‍പ്പം ഗുരുതരമാണു.

അടുത്ത നിമിഷം തന്നെ ഞാന്‍ തെലങ്കാനയുടെ നോര്‍ത്ത് സോണ്‍ ചുമതലയുളള മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ Jyothir Mayan സാറിനെ ഫോണില്‍ ബന്ധപെട്ട് കാര്യം അവതരിപ്പിച്ചു, മറുപടി ഇങ്ങനെയും’നിധിന്‍, ഇപ്പോള്‍ അവിടെ ആശുപത്രിയില്‍ നില്‍ക്കുന്നവരോട് എന്നെ വിളിക്കാന്‍ പറയൂ, ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങാട്ട് പോവാം.ഫോണ്‍ കട്ട് ചെയ്ത് ഷൈന്‍ നെ വിളിക്കുംബോഴേക്കും അവന്റെ മറുപടി: അനീഷും, ഒന്നര വയസ്സുളള മോളും, സ്‌റ്റെനിയും മരണപെട്ടു എന്നും, ഭാര്യക്കും മൂത്ത കുഞ്ഞിനു ഗുരുതര പരുക്ക് ഉണ്ടെന്നുമാണു.

മെയ് ഒന്നാം തിയതി രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി അന്നുമുതല്‍ കാത്തിരിക്കുകയായിരുന്നു ബീഹാറില്‍ ഇതുപോലെയുളള നൂറു കണക്കിനു മലയാളികള്‍, സര്‍ക്കാരുമായ് ബന്ധപെട്ടവരോടെല്ലാം അവര്‍ അന്വേഷിച്ചു, കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് ട്രെയിന്‍ വന്നപ്പോള്‍ ആ ട്രെയിനില്‍ തിരിച്ച് പോകാന്‍
കഴിയും എന്നാശിച്ചിരുന്നവരായിരുന്നു മലയാളികളില്‍ ഭൂരിഭാഗവും അവരുടെ കൂട്ടത്തില്‍ മരണപെട്ട അനീഷും കുടുംബവും ഉണ്ട്..

2500 കിലോമീറ്റര്‍ ദൂരം, എന്തിനായിരുന്നു ഈ സാഹസിക? അനൂപിന്റെയും, ഷൈന്‍ ന്റെയും ഭാര്യമാര്‍ ഗര്‍ഭിണികളാണു, ഈ സമയത്ത് ഇന്ത്യയില്‍ ഏറ്റവും മോശം ആരോഗ്യമേഘലയായ ബീഹാറില്‍ ഇതുപോലൊരു പ്രതികൂല സാഹചര്യത്തില്‍ നിങ്ങള്‍ നില്‍ക്കുമോ? അതു തന്നെയായിരുന്നു ഈ സാഹസികതക്ക് കാരണം.

ഇവര്‍ നാട്ടിലെത്താന്‍ വേണ്ടി കഴിഞ്ഞ 15 ദിവസങ്ങളായ് മുട്ടാത്ത വാതിലുകളില്ലാ, കലക്ടര്‍, സര്‍ക്കാര്‍,ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ അങ്ങനെ പലരോടും ഫോണില്‍ ബന്ധപെട്ടിരുന്നു ബീഹാറിലേക്കൊരു ട്രെയിന്‍ സര്‍വ്വീസ് എന്ന ആവശ്യത്തിനായ്.. കേരളം നംബര്‍ വണ്‍ അണു അവിടേക്ക് ഇതുപോലെ അന്യ സംസ്ഥാനത്ത് നിന്ന് മലയാളികള്‍ വന്നാല്‍ കൊവിഡ് കേസുകള്‍ കൂടും, സര്‍ക്കാര്‍ മലയാളികളുടെ ജീവനു മുകളില്‍ പടുത്തുയര്‍ത്ത ഇമേജ് തകരും… അതുകണ്ട് മരിക്കുന്നവര്‍ അവിടെ കിടന്ന് മരിക്കട്ടെ എന്ന് ആയിരുന്നു സര്‍ക്കാര്‍ ഭാഷ്യം എന്ന് പറയുന്നതില്‍ തെറ്റില്ല..

സമാനമായ ഒരു കേസിനെ പറ്റി ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സംസ്ഥാന മന്ത്രി പറയുന്നത് കേട്ടു വൈകാരികമായ കഥകള്‍ ഉണ്ടാകാം അന്യ സംസ്ഥാനത്തുളള മലയാളികള്‍ക്ക് പക്ഷേ അത് പരിഗണിച്ച് കേരളത്തിലേക്ക് മലയാളികളെ കൊണ്ടു വരുകയല്ല ശരിയായ തീരുമാനം എന്നാണു..

ഇതൊരു അപകട മരണമല്ല രാജ്യത്തുടനീളം 800 നു അടുത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തിയിട്ടും കേരള സര്‍ക്കാരിനു ഒരു ട്രെയിന്‍ പോലും അന്യ സംസ്ഥാനത്തേക്ക് അയക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എന്റെ സുഹ്രുത്തിനെയും കുടുംബത്തെയും കേരള സര്‍ക്കാര്‍ കൊന്നതാണു എന്ന് പറയേണ്ടി വരും.

‘കരളുറപ്പുളള കേരളം അല്ല’ ‘സ്വാര്‍ത്ഥതയുടെ കേരളം’ അല്ലങ്കില്‍ ‘ഹൃദയമില്ലാത്ത കേരളം’

ഈയൊരു അവസ്ഥയില്‍ തെലങ്കാനയിലെ എന്റെ നല്ലവരായ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രത്യേകിച്ച് ലിബി ബെഞ്ജമിന്‍, ജ്യോധിര്‍മ്മയന്‍, അവരുടെ സഹായത്തിനും നന്ദി രഖപെടുത്തുന്നു.

ഒരു വര്‍ഷം മുന്‍പ് രാത്രി 1.30 ക്ക് ചാര്‍മ്മിനാറില്‍ വെച്ച് അനീഷിനൊപ്പമുള്ള ചിത്രം

SHARE