ഏഴ് വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ എറിഞ്ഞു കൊന്നു

ഹൈദരാബാദ്: തെലുങ്കാനയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് എറിഞ്ഞു കൊന്നു. ശനിയാഴ്ച വൈകീട്ട് നിസാമാബാദ് ജില്ലയിലെ ദൊംഗേശ്വര്‍ ഗ്രാമത്തിലാണ് സംഭവം. 45 വയസുകാരനായ സായണ്ണയാണ് നാട്ടുകാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. മരത്തില്‍ കെട്ടിയിട്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്ന് ബോധരഹിതനായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

പെണ്‍കുട്ടി കരയുന്നത് കണ്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് കുട്ടിക്ക് രക്തസ്രാവമുള്ളത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കൃഷി സ്ഥലത്തായിരുന്ന കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോള്‍ സമീപത്ത് കണ്ട സായണ്ണയെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് സായണ്ണ ഗ്രാമത്തില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

SHARE