ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തി കത്തിച്ച കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ വീണ്ടും കോടതി ഇടപെടല്‍. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു.
23ന് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച നിര്‍ദേശം തെലങ്കാന ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ഹൈക്കോടതി നല്‍കിയത്. ഡല്‍ഹി എയിംസില്‍നിന്നുള്ള മൂന്ന് ഫോറന്‍സിക് വിദഗ്ധരടങ്ങുന്ന സംഘത്തെ റീ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തമായി നലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി നേരത്തെ തന്നെ തടഞ്ഞിരുന്നു. തെലങ്കാന ഗാന്ധി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയില്‍ പ്രായമുള്ള നാലു പേരെ നവംബര്‍ 29 നാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് വെടിവച്ചുകൊന്നത്. ഡിസംബര്‍ ആറിനായിരുന്നു സംഭവം.