ഡോക്ടര്‍ പറഞ്ഞു നിങ്ങളുടെ മകന്‍ മരിച്ചു; പക്ഷെ ആ അമ്മ വിശ്വസിച്ചില്ല, ഒടുവില്‍ സംഭവിച്ചത്

ഹൈദരാബാദ്: അമ്മയുടെ സ്‌നേഹവും പരിചരണവും അചഞ്ചലമായ വിശ്വാസവും ഒരു പതിനെട്ടുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ കഥയാണിത്. തെലുങ്കാനയിലാണ് സംഭവം. ഗദ്ദം കിരണ്‍ എന്ന യുവാവിനെ പനിയും മഞ്ഞപ്പിത്തവും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും ആ യുവാവിന്റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല.

ഒടുവില്‍ ഡോക്ടര്‍മാര്‍ കിരണിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി വിധിയെഴുതി. വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി കിരിണിനെ സമാധാനപരമായി മരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അമ്മയോട് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ആ അമ്മ പ്രതീക്ഷ കൈവിടാതെ മകന് കാവലിരുന്ന് പരിചരിച്ചു.

ഒടുവില്‍ ആ അമ്മയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായി. ജുലൈ മൂന്ന് കിരണിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്നത് ആ അമ്മയുടെ കണ്ണില്‍ പെട്ടു. പെട്ടന്ന് തന്നെ അവര്‍ കിരണിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തിലൂടെ കിരണ്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

SHARE