ഹൈദരാബാദ്: പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എ.ഐ.എം.ഐ.എം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയ്‌ക്കെതിരെ വര്‍ഗീയ വിഷംചീറ്റുന്ന ഭീഷണിയുമായി ബി.ജെ.പി എം.പി അരവിന്ദ് കുമാര്‍. ഉവൈസിയെ താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കുമെന്നാണ് ബിജെപി എംപിയുടെ ഭീഷണി. വടിച്ചെടുത്ത താടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന് അയച്ചുകൊടുക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ചന്ദ്രശേഖര റാവു പ്രത്യക്ഷത്തില്‍ ഒരു മൊല്ലയാണെന്ന് പറഞ്ഞായിരുന്നു അരവിന്ദ് കുമാറിന്റെ വിദ്വേഷ പ്രതികരണം.
സിഎഎയെയും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനെയും എതിര്‍ത്ത് നിസാമാബാദിലെ ഈദ്ഗ മൈതാനത്ത് കഴിഞ്ഞയാഴ്ച, ഒവൈസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമ്മേളനമാണ് ബിജെപി എംപിയെ ചൊടിപ്പിച്ചത്.
നിസാമാബാദില്‍ ഒവൈസി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു അരവിന്ദ് കുമാറിന്റെ ഭീഷണി.
അവര്‍ നിസാമാബാദിലെ ഈദ്ഗാഹ് മൈതാനത്ത് യോഗം ചേര്‍ന്നു. ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും കീറിക്കളയുമെന്നാണ് ഉവൈസി പറയുന്നത്. ഒമ്പത് വര്‍ഷം മുന്‍പ് നിങ്ങളുടെ സ്വന്തം സഹോദരനെ കുത്തിയും വെടിവെച്ചും പരിക്കേല്‍പ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ സഹോദരന്‍ ഇപ്പോഴും ചികിത്സയിലാണ്. എന്നിട്ട് നിങ്ങളാണോ ബി.ജെ.പിയെ കീറിക്കളയുന്നത്’ അരവിന്ദ് ചോദിച്ചു.
എന്നാല്‍ കേട്ടോളു ഇതേ ഈദ്ഗാഹ് മൈതാനത്ത് ഞാനൊരു ക്രെയിന്‍ കൊണ്ടുവരും. നിന്നെ തലകീഴാക്കി കെട്ടിത്തൂക്കി നിന്റെ താടിരോമങ്ങള്‍ വടിച്ചുകളയും. അത് ഞാന്‍ പുറത്തേക്ക് കളയില്ല. പകരം സിഎഎക്കെതിരെ മുല്ല ചമയുന്ന കെ. ചന്ദ്രശേഖരറാവുവിന് അയച്ചു കൊടുക്കും. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത ചന്ദ്രശേഖരറാവുവിന് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു. സി.എ.എയില്‍ നിന്ന് ബി.ജെ.പി പിന്നോട്ടില്ലെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.