ദലിതരെ ചെളിക്കുണ്ടില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്

ഹൈദാരാബാദ്: അനധികൃത ഖനനം ചോദ്യം ചെയതതിന് രണ്ടു ദലിത് യുവാക്കളെ ചെളിക്കുണ്ടിലെ വെള്ളത്തില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലായിരുന്നു സംഭവം. ബി.ജെ.പി പ്രാദേശിക നേതാവും മുന്‍ ജില്ലാ ജന. സെക്രട്ടറിയുമായ എം. ഭാരത് റെഡ്ഡിക്കെതിരെയാണ് കേസെടുത്തത്. ദലിത് സംഘടനാ നേതാവ് മണിക്കോള ഗംഗാധരന്റെ പരാതിയിലാണ് നടപടി.

സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അഭംഗപട്ടണം പ്രദേശത്ത് അനുമതിയില്ലാത്ത ക്വാറി ഖനനം ചോദ്യം ചെയ്തതിന് ദലിതരായ കോന്ദ്ര ലക്ഷമണ്‍, രാജേശ്വര്‍ എന്നിവരെ റെഡ്ഡി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. അരിശം തീരാതെ ഇവരെ സമീപത്തെ ചെളിക്കുളത്തില്‍ മുക്കുകയും ചെയ്തു. ഉപദ്രവിക്കരുതെന്ന് ഇരുവരും അപേക്ഷിച്ചെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് റെഡ്ഡി ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തായതോടെയാണ് ബി.ജെ.പി നേതാവിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. റെഡ്ഡിയുടെ അനുയായികളിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കര്‍ശന നടപടിയിലേക്ക് നീങ്ങുകയായിരുന്നു. റെഡ്ഡി ഒളിവിലാണെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും നിസാമാബാദ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ബുച്ചയ്യ പറഞ്ഞു.