പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കാമുകനും ഭാര്യയും റിമാന്‍ഡില്‍

പത്തനംതിട്ട: പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പിടിയിലായ കാമുകനും ഭാര്യയും റിമാന്‍ഡില്‍. തൊടുപുഴ സ്വദേശിയായ അഖിലിനെയും ഭാര്യ പ്രസീദയെയും രണ്ടാഴ്ചത്തേക്കാണ് മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇരുവരെയും ജയിലിലേക്ക് മാറ്റും.

മൂവാറ്റുപുഴ സ്വദേശിയായ പതിനേഴുകാരിയെയാണ് അഖില്‍ ശിവന്‍ തട്ടിക്കൊണ്ട് പോയി തടവിലാക്കി പീഡിപ്പിച്ചത്. ഇരുപത്തിമൂന്ന് വയസുള്ള അഖില്‍ അവിവാഹിതനാണെന്ന വ്യാജേന സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുത്തു. വിവാഹം വാഗ്ദാനം നല്‍കി. പെണ്‍കുട്ടിയുമൊത്ത് നിരവധി യാത്രകള്‍ നടത്തി. ഇതിനിടെ അഖിലിന് മുപ്പത്താറ് വയസുള്ള ഭാര്യയുണ്ടെന്ന് പതിനേഴുകാരി അറിഞ്ഞു. ഇതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് അഖിലും ഭാര്യ പ്രസീദ കുട്ടനും ചേര്‍ന്ന് വയനാട്ടിലുള്ള പ്രസീദയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കടത്തി. ഇവിടെ വച്ചും പീഡിപ്പിച്ചു. ഇതിനിടെ മാനസിക നില മെച്ചപ്പെട്ട പെണ്‍കുട്ടി രക്ഷപ്പെട്ട് മൂവാറ്റുപുഴയിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് മൂവാറ്റുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

SHARE