കൗമാരക്കാരായ സഹോദരിമാര്‍ വീട്ടുമുറ്റത്തെ മരത്തില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നോയ്ഡ: ഡല്‍ഹിക്കടുത്ത് നോയ്ഡയില്‍ കൗമാരക്കാരികളായ സഹോദരിമാരെ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 18 ഉം 13 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നാണ് പോലീസ് നിഗമനം.

ഇന്ന് പുലര്‍ച്ചെ നാലിന് ബരോള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടികളുടെ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടികള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. അടുത്ത ബന്ധുവായ രവിയാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറഞ്ഞു. മൂത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് വിവാഹിതനായ രവി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്ന് നോയ്ഡ സീനിയര്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടികള്‍ക്ക് യാതൊരു തരത്തിലുള്ള ശാരീരിക അതിക്രമങ്ങളും ഏറ്റതായി കണ്ടെത്തിയിട്ടില്ലെന്ന് ഓഫീസര്‍ പറഞ്ഞു.