മുംബൈ: ഇന്ത്യക്കായി കളിച്ച് ക്രിസ്തുമസ് ഗംഭീരമാക്കാനായിരുന്നു ബേസില്‍ തമ്പിയെന്ന മലയാളി ക്രിക്കറ്റ് താരം ആഗ്രഹിച്ചത്. ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ ജയിച്ചതിനാല്‍ ബേസിലിന് അവസരം ലഭിക്കുമെന്നും കരുതി. അദ്ദേഹത്തിനൊപ്പം ടീമിലെത്തിയ കന്നിക്കാരയ വാഷിംഗ്ടണ്‍ സുന്ദറിന് അവസരം ലഭിച്ചപ്പോള്‍ ബേസില്‍ മാത്രം പുറത്തായി. ഹൈദരാബാദുകാരനായ മുഹമ്മദ് സിറാജിനും അവസരം കിട്ടി. ഐ.പി.എല്ലിലെ മികവിലാണ് ബേസില്‍ ടി-20 ടീമിലെത്തിയത്. കേരളത്തിനായി രഞ്ജി ക്രിക്കറ്റിലും അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു.
Say hello to our new pace attack comprising @JUnadkat, Mohammed Siraj and Basil Thampi. #TeamIndia #INDvSL pic.twitter.com/6fgUlo9hSH
— BCCI (@BCCI) December 19, 2017
അതേ സമയം മൂന്നാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് വിജയവുമായി രോഹിത് ശര്‍മയുടെ ഇന്ത്യ ടി-20 പരമ്പര തൂത്തുവാരി. ആദ്യ രണ്ട് മല്‍സരങ്ങളിലും ദയനീയമായി തകര്‍ന്ന സന്ദര്‍ശകര്‍ക്ക് ഇന്നലെ തുടക്കത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചു. പക്ഷേ ഇന്ത്യന്‍ സീം-സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനാണ് കഴിഞ്ഞത്. ഈ സ്ക്കോര്‍ മറികടക്കുന്നതില്‍ ഇടക്കൊന്ന് ആശങ്ക നല്‍കിയെങ്കിലും അഞ്ച് പന്തുകള്‍ ശേഷിക്കെ മഹേന്ദ്രസിംഗ് ധോണിയുടെ ബൗണ്ടറിയില്‍ ഇന്ത്യ വിജയം നേടി.
രോഹിത് ശര്‍മ എന്ന താല്കാലിക നായകന് അഭിമാനിക്കാവുന്നതാണ് പരമ്പര നേട്ടം. വിരാത് കോലി വിവാഹത്തോടനുബന്ധിച്ച് അവധിയില്‍ പോയപ്പോഴാണ് സെലക്ടര്‍മാര്‍ രോഹിതിന് ഏകദിന, ടി 20 പരമ്പരകളില്‍ അവസരം നല്‍കിയത്. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നഷ്ടമായെങ്കിലും രണ്ടാം മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയുമായി കരുത്ത് കാട്ടിയ നായകന് ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടി. ഇന്നലെ രോഹിതിന് നല്ല തുടക്കം ലഭിച്ചിരുന്നു. ബൗണ്ടറിയും സിക്സറുമായി പതിവ് പോലെ ആക്രമണത്തില്‍ മികവ് കാട്ടിയ രോഹിതിന് ഏഴാം ഓവറില്‍ ഷാനകയുടെ പന്ത് റീഡ് ചെയ്യാനായില്ല. രണ്ടാം മല്‍സരത്തില്‍ മിന്നിയ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ നാല് റണ്‍സിന് പുറത്തായി. 32 പന്തില്‍ 30 റണ്‍സ് നേടിയ ശ്രേയാസ് അയ്യര്‍, 29 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മനീഷ് പാണ്ഡെ എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ മിന്നിയത്. ധോണി പത്ത് പന്തില്‍ 16 റണ്‍സുമായും ദിനേശ് കാര്‍ത്തിക് 12 പന്തില്‍ 18 റണ്‍സുമായും പുറത്താവാതെ നിന്നു. നേരത്തെ ലങ്കന്‍ ബാറ്റിംഗില്‍ 36 റണ്‍സ് നേടിയ ഗുണരത്നെ മാത്രമാണ് പൊരുതിയത്. സമരവിക്രമ 21 റണ്‍സ് നേടി. പുറത്താവാതെ 24 പന്തില്‍ 29 റണ്‍സ് നേടിയ ദാസുന്‍ ഷനാക്കയാണ് അവസാനത്തില്‍ സ്ക്കോര്‍ ഉയര്‍ത്തിയത്. ഇന്ത്യന്‍ സീമര്‍ ജയദേവ് ഉത്കണ്ഠാണ് മാന്‍ ഓഫ് ദ മാച്ച്.