വായ്പ തേടിയെത്തിയ ചായക്കടക്കാരന് ബാങ്കില്‍ നിന്ന് ലഭിച്ചത് 50 കോടിയുടെ തിരിച്ചടവ് നോട്ടീസ്

ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കച്ചവടം മോശമായതോടെ പുതിയ വ്യാപാരം ആരംഭിക്കാന്‍ വായ്പ തേടി ബാങ്കിനെ സമീപിച്ച ചായക്കടക്കാരനെ ഞെട്ടിച്ച് ബാങ്കിന്റെ മറുപടി. ബാങ്കില്‍ നിന്ന് നേരത്തെ എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ലെന്നും അമ്പത് കോടി രൂപ ബാങ്കിന് നല്‍കാനുണ്ടെന്നും രാജ്കുമാറിനോട് ബാങ്ക് ആവശ്യപ്പെട്ടു. വായ്പ നിരസിക്കുകയും ചെയ്തു.

ഹരിയാന കുരുക്ഷേത്രയില്‍ ജീവിതവൃത്തിയ്ക്കായി ചായവില്‍പന നടത്തുന്ന രാജ്കുമാറാണ് വായ്പ തേടി ബാങ്കിനെ സമീപിച്ചത്. രാജ്കുമാറിന്റെ ലോണിനുള്ള അപേക്ഷ ബാങ്ക് നിരസിച്ചു.

റോഡരികിലെ ചായക്കടയാണ് രാജ്കുമാറിന്റെ ഏക വരുമാനമാര്‍ഗം. താന്‍ മുമ്പൊരിക്കലും വായ്പയെടുത്തിട്ടില്ലെന്ന് രാജ്കുമാര്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കച്ചവടം മോശമായതോടെ പുതിയ ഏതെങ്കിലും വ്യാപാരം ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് താന്‍ വായ്പയെടുക്കാന്‍ തീരുമാനിച്ചതെന്നും രാജ്കുമാര്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നതായും തുടര്‍ന്നാണ് തനിക്ക് മുമ്പ് അനുവദിച്ച വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീണ്ടും അനുവദിക്കാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതെന്നും രാജ്കുമാര്‍ പറഞ്ഞു. തനിക്ക് പകരം മറ്റാര്‍ക്കാണ് ഇത്രയും വലിയ തുകയുടെ വായ്പ ബാങ്ക് നല്‍കിയതെന്നും ഈ തുക താന്‍ തന്നെ തിരിച്ചടയ്ക്കേണ്ടി വരുമോയെന്നുമുള്ള ആശങ്കയിലാണ് ഈ പാവം കച്ചവടക്കാരന്‍.

SHARE