നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ശ്രീലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെ കഥപറയുന്ന നോവലാണ് അവാര്‍ഡിനര്‍ഹമായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. തമിഴ് മനുഷ്യാവകാശ പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ രജനി തിരണഗാമയുടെ ജീവിത കഥയാണ് നോവലിന് പ്രചോദനം. ശ്രീലങ്കന്‍ സര്‍ക്കാരും തമിഴ് വംശജരും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രവും പ്രതിപാദ്യവിഷയമായ നോവല്‍, ദേശവംശ സങ്കല്‍പങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നു പറഞ്ഞു തരുന്നതാണ്.

2014ല്‍ പ്രസിദ്ധികരിച്ച നോവല്‍ മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ.പി കളയ്ക്കാട് സാഹിത്യപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യാണ് രാമകൃഷ്ണന്റെ മറ്റൊരു പ്രധാന കൃതി.

പ്രൊഫ. തോമസ് മാത്യു, ഡോ.കെ.പിമോഹനന്‍,ഡോ.അനില്‍കുമാര്‍ എന്നിവരായിരുന്നു വയലാര്‍ അവാര്‍ഡ് നിര്‍ണയത്തിനുള്ള കമ്മിറ്റി അംഗങ്ങള്‍. വയലാര്‍ രാമവര്‍മ്മയുടെ സ്മരാണാര്‍ത്ഥം സാഹിത്യത്തിലെ സംഭാവനകള്‍ക്ക് 1977 ലാണ് വയലാര്‍ പുരസ്‌കാരം നല്‍കി തുടങ്ങുന്നത്. വയലവാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.