നിങ്ങള്‍ തൊലിവെളുപ്പിന്റെ, വംശീയതയുടെ അഗ്നി പടര്‍ത്തുന്നു; നവംബറില്‍ നിങ്ങളെ പടിയിറക്കും- ട്രംപിനെതിരെ പോപ് സ്റ്റാര്‍ ടെയ്‌ലര്‍ സ്വിഫ്റ്റ്

വാഷിങ്ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ വിഖ്യാത പോപ് ഗായിക ടെയലര്‍ സ്വിഫ്റ്റ്. ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് മിനിയാപോളിസില്‍ നടന്ന പ്രതിഷേധത്തിനെതിരെ ട്രംപ് ചെയ്ത ട്വീറ്റാണ് ടെയ്‌ലറെ ചൊടിപ്പിച്ചത്.

‘ നിങ്ങളുടെ ഭരണകാലയളവ് മുഴുവന്‍ തൊലിവെളുപ്പ് അധീശത്വത്തിന്റെയും വംശീയതയുടെയും അഗ്നി ആളിക്കത്തിച്ച ശേഷം, പ്രതിഷേധത്തിനെതിരെ ധാര്‍മിക മേധാവിത്വം പ്രകടിപ്പിക്കാനുള്ള നെഞ്ചുറപ്പ് നിങ്ങള്‍ക്കുണ്ടോ? കൊള്ളയാരംഭിക്കുമ്പോള്‍ വെടിവയ്പ്പ് ആരംഭിക്കുന്നു???. നവംബറില്‍ നിങ്ങളെ വോട്ടു ചെയ്ത് അധികാരത്തില്‍ നിന്ന് പുറത്താക്കും’ – എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

മിനിറ്റുകള്‍ക്കുള്ളില്‍ ട്വീറ്റ് വൈറലായി. ഇതുവരെ 19 ലക്ഷം പേരാണ് ട്രംപിനെ ടാഗ് ചെയ്തിട്ടുള്ള ഈ കുറിപ്പ് റിട്വീറ്റ് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തോളം പേര്‍ കമന്റിടുകയും ചെയ്തു. നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. താരത്തിന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട ട്വിറ്റായി ഇതു മാറുകയും ചെയ്തു.

മിനിയാപോളിസിലെ പ്രതിഷേധക്കാര്‍ക്കെതിരെ ‘ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മയെ അനാദരിക്കുകയാണ്. ഇതു ഞാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ട്രംപിന്റെ ആദ്യ ട്വീറ്റ്. പിന്നീട്, ഗവര്‍ണര്‍ ടിം വാല്‍സുമായി സംസാരിച്ചെന്നും സൈന്യം വരുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഏതു ബുദ്ധിമുട്ടിലും ഞങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും, എന്നാല്‍ കൊള്ളയാരംഭിക്കുമ്പോള്‍ വെടിവയ്പ്പുമുണ്ടാകും എന്നും ട്രംപ് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.

അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന നിലപാടാണ് ട്രംപിന്റേത് എന്ന വിമര്‍ശനവുമായി നേരത്തെ ട്വിറ്റര്‍ രംഗത്തു വന്നിരുന്നു. രണ്ട് ട്വീറ്റുകള്‍ക്കും മുന്നറിയിപ്പ് ലേബല്‍ പതിക്കുകയും ചെയ്തു.

ഇതേ ട്വീറ്റിനെതിരെയാണ് ടെയ്‌ലറും രംഗത്തു വന്നത്. ഇതിനു മുമ്പ്, മിസ് അമേരിക്കാനാ എന്ന തന്നെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ 2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിനെ തുറന്ന് എതിര്‍ക്കാതിരുന്നതില്‍ ദുഃഖമുണ്ട് എന്ന് ടെയ്‌ലര്‍ പറഞ്ഞിരുന്നു.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് മുപ്പതുകാരിയായ ടെയ്‌ലര്‍ ആലിസണ്‍ സ്വിഫ്റ്റ്. 86.3 ദശലക്ഷം പേരാണ് മൈക്രോബ്ലോഗിങ് വെബ്‌സൈറ്റില്‍ ഇവരെ പിന്തുടരുന്നത്. ഇവരുടെ ഫോളോവേഴ്‌സ് സ്വിഫ്റ്റിയന്‍സ് എന്നാണ് അറിയപ്പെടുന്നത്.

SHARE