ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി. സമ്പദ്വ്യവസ്ഥ കുതിച്ചുയരുമ്പോള്‍ മാത്രമാണ് പുതിയതോ ഉയര്‍ന്നതോ ആയ നികുതികള്‍ ന്യായീകരിക്കപ്പെടുന്നത്. സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി ഭാരം ചുമത്തുന്നത് കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കുമെന്ന്.ഇത് യഥാര്‍ത്ഥത്തില്‍ മധ്യവര്‍ഗത്തിനും ദരിദ്രര്‍ക്കും മേല്‍ ദുരിതത്തിനു നികുതി ചുമത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരില്‍ നിന്ന് ആളുകളിലേക്കും കുടുംബങ്ങളിലേക്കും പണമെത്തിക്കാനാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പകരം ജനങ്ങളില്‍ നിന്ന് സര്‍ക്കാരിലേക്ക് പണമെത്തിക്കാനുള്ള പണിയാണെടുക്കുന്നതെന്നും ഇതെന്തൊരു ക്രൂരതയാണെന്നും പി.ചിദംബരം ട്വീറ്റ് ചെയ്തു.
‘ഈ ഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്ന് കുടുബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്. എന്നാല്‍ പകരം സര്‍ക്കാര്‍ ചെയ്യുന്നത് തിരിച്ചാണ്. ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പണം പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരമാണ്. പുതിയതും ഉയര്‍ന്നതുമായ നികുതികള്‍ കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കും. സര്‍ക്കാര്‍ അവരുടെ ധനകമ്മി നികത്താന്‍ കടംവാങ്ങുകയാണ് വേണ്ടത്. സാമ്പത്തിക പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ഉയര്‍ന്ന നികുതി ഭാരം ജനങ്ങളില്‍ ചുമത്തരുത്’ ചിദംബരം പറഞ്ഞു.
ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും ചുമത്തുന്ന നികുതി കുത്തനെ കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. റോഡ് സെസ്, എക്സൈസ് തീരുവ എന്നിവ കുത്തനെ ഉയര്‍ന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ മാത്രം വര്‍ധിപ്പിച്ചിട്ടുള്ളത്.
കൂടാതെ എക്സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിനായി പൗരന് കൊടുക്കേണ്ടി വരുന്ന നികുതി 32.98 രൂപയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും. രാജ്യം ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വേളയിലും പുതിയ നികുതി നിരക്കിലൂടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16 ന് ആയിരുന്നു വര്‍ധനവ് കൊണ്ടുവന്നത്.
കോവിഡ് പ്രതിസന്ധിയിലാവുകയും ക്രൂഡോയിലിന് ആവശ്യകത കുറഞ്ഞതോടെ ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വിലയില്‍ മാറ്റമില്ലാത്ത അവസ്ഥയാണ് ഇന്ത്യയില്‍.
അതേസമയം, ഒരു മഹാമാരിയുടെ നടുവില്‍ ഇന്ധന വിലയില്‍ വര്‍ദ്ധനവ് വരുത്തിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മെയ് നാലിന് ശേഷം പെട്രോളിന്റെ വില ലിറ്ററിന് 69.6 ല്‍ നിന്നും 71.3 രൂപയായും ഡീസലിന് വില ലിറ്ററിന് 62.3 ല്‍ നിന്നും 69.4 രൂപയായും വര്‍ദ്ധിച്ചതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ഒരു മഹാമാരിയുടെ നടുവില്‍ എടുത്ത
വിവേകശൂന്യവും ജനവിരുദ്ധവുമായ തീരുമാനിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുറിവില്‍ ഉപ്പുതേക്കുകയെന്നാണ് ഇതിനെ വിളിക്കുകയെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.