കോവിഡില്‍ വീണ്ടും കൈത്താങ്ങുമായി ടാറ്റ; നാല് സര്‍ക്കാര്‍ ആശുപത്രികള്‍ സ്വന്തം ചെലവില്‍ വികസിപ്പിക്കും

മുംബൈ: കോവിഡ് മഹാമാരിയില്‍ വീണ്ടും സഹായ ഹസ്തം നീട്ടി കോര്‍പറേറ്റ് ഭീമന്മാരായ ടാറ്റ ട്രസ്റ്റ്. നാലു സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി സ്വന്തം ചെലവില്‍ നവീകരിക്കാം എന്നാണ് ടാറ്റ വാഗ്ദാനം ചെയ്തത്. മഹാരാഷ്ട്രയിലെ രണ്ടും യു.പിയിലെ രണ്ടും ആശുപത്രികളിലാണ് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുക.

ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ നിര്‍ദ്ദേശ പ്രകാരമാണ് ടാറ്റയുടെ തീരുമാനം. മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ ഒന്നായ കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ അടിയന്തരമായ എല്ലാ വിഭവങ്ങളും വിന്യസിക്കപ്പെടേണ്ടതുണ്ട് എന്ന് രത്തന്‍ ടാറ്റ പറഞ്ഞു.

മഹാരാഷ്ട്രയിലെ സന്‍ഗ്ലിയില്‍ അമ്പത് ബെഡും ബുല്‍ധാനയില്‍ 106 ഉം ബെഡുകളാണ് കോവിഡിനായി സജ്ജമാക്കുന്നത്. യു.പിയിലെ ഗൗതം ബുദ്ധ് നഗറില്‍ 168 ബെഡും ഗോണ്ടയിലെ ആശുപത്രിയില്‍ 106 ബെഡും. യു.പിയിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരു സഹപങ്കാളി കൂടി ടാറ്റയ്‌ക്കൊപ്പമുണ്ട്. 2020 ജൂണ്‍ 20 ഓടെ പുതിയ സജ്ജീകരണങ്ങള്‍ ടാറ്റ സര്‍ക്കാറിന് കൈമാറും.

അതിതീവ്ര പരിചരണ വിഭാഗം, ചെറു ഓപറേഷന്‍ തിയേറ്റര്‍, അടിസ്ഥാന പാത്തോളജി-റേഡിയോളജി വിഭാഗം, ഡയാലിസിസ് യൂണിറ്റ്, രക്ത സൂക്ഷിപ്പു കേന്ദ്രം, ടെലിമെഡിസിന്‍ യൂണിറ്റ് എന്നിവയാണ് ആശുപത്രികളില്‍ സംവിധാനിക്കുക. എഡിഫൈസ് കണ്‍സല്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രൂപ കല്‍പ്പനയില്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം നടത്തുക.

കോവിഡിനെതിരെ ടാറ്റ ട്രസ്റ്റ് നടത്തുന്ന മൂന്നാമത്തെ വലിയ ഇടപെടലാണിത്. നിലവില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും കമ്പനി പി.പി.ഇ, എന്‍95-കെ.എന്‍95 മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, കയ്യുറകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്. 26 സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളും ഇവ വിതരണം ചെയ്തിട്ടുണ്ട്. കോവിഡിനെതിരെ ഏകദേശം എല്ലാ ഇന്ത്യന്‍ ഭാഷകളിലും ടാറ്റ മുന്നൂറോളം ബോധവല്‍ക്കണ വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്.

കേരളത്തില്‍ കാസര്‍ക്കോട്ട് നിര്‍മിക്കുന്ന ആശുപത്രിയും ടാറ്റയുടെ നേതൃത്വത്തിലാണ്. 15 കോടി രൂപ മുതല്‍ മുടക്കിലാണ് കോവിഡ് ആശുപത്രി സജ്ജീകരിക്കുന്നത്. ജൂണ്‍ ആദ്യവാരത്തില്‍ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്.

SHARE