കോവിഡ്: സഹായം നീട്ടി വീണ്ടും ടാറ്റ- 20 ആംബുലന്‍സും 100 വെന്റിലേറ്ററും കൈമാറി

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തിന് ഊര്‍ജ്ജമേകി ടാറ്റ മോട്ടോഴ്‌സിന്റെ സഹായം വീണ്ടും. ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്(ബി.എം.സി.) കഴിഞ്ഞ ദിവസം 20 ആംബുലന്‍സും 100 വെന്റിലേറ്ററുമാണ് വ്യവസായ ഭീമന്‍ സമ്മാനിച്ചത്. മെഡിക്കല്‍ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം ഏറെ അനുഭവിക്കുന്ന വേളയിലാണ് ടാറ്റയുടെ ഇടപെടല്‍.

ആംബുലന്‍സിനും വെന്റിലേറ്ററിനും പുറമേ, 10 കോടി രൂപയുടെ ധനസഹായവും ടാറ്റ കൈമാറി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ ടാറ്റ മോട്ടോഴ്സ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്റര്‍ വഴിയാണ് സഹായത്തെ കുറിച്ച് അറിയിച്ചത്.

ടാറ്റ മോട്ടോഴ്സ് 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ വിങ്ങറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ആംബുലന്‍സാണ് നല്‍കിയത്. ബിഎസ്-6 എന്‍ജിന്‍ കരുത്തേകുന്ന ഈ പുതിയ മോഡല്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആംബുലന്‍സിന്റെ ആദ്യ ബാച്ചിലെ വാഹനങ്ങളാണ് സര്‍ക്കാരിന് കൈമാറിയത്.

പേഷ്യന്റ് സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്, ഷെല്‍ എന്നീ നാല് വിഭാഗങ്ങളിലായുള്ള 20 ആംബുലന്‍സുകളാണ് നല്‍കിയിട്ടുള്ളത്. മുന്‍തലമുറ വിങ്ങര്‍ ആംബുലന്‍സിനെക്കാള്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതും എ.ഐ.എസ് 125 നിര്‍ദേശങ്ങള്‍ പാലിച്ചിമാണ് പുതിയ വിങ്ങര്‍ ആംബുലന്‍സ് എത്തിയിട്ടുള്ളത്.

നേരത്തെ, കോവിഡ് പ്രതിരോധത്തിനായി ടാറ്റ ആയിരം കോടി രൂപ കൈമാറിയിരുന്നു. പി.പി.ഇ കിറ്റ് അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് അതുപയോഗിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

SHARE