എയര്‍ ഇന്ത്യ കൈപ്പിടിയിലാക്കാന്‍ ടാറ്റ ഗ്രൂപ്പിന്റെ ശ്രമം

ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നതിനിടെ എയര്‍ ഇന്ത്യയെ വാങ്ങാനായി ടാറ്റ ഗ്രൂപ്പ് ശ്രമങ്ങള്‍ ആരംഭിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമം നടത്തുന്നത്. ഇതിനായി സര്‍ക്കാറുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായാണ് ടാറ്റ ഗ്രൂപ്പ് ശ്രമം നടത്തുന്നത്. നിലവില്‍ 52,000 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ നേരത്തെ നീതി ആയോഗ് കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. നിര്‍ദേശം സ്വീകരിച്ച കേന്ദ്ര ധനമന്ത്രി എയര്‍ ഇന്ത്യയെ സ്വകാര്യ വത്കരിക്കുന്നതിനായി എല്ലാ വഴികളും തേടാന്‍ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 1932ല്‍ ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സാണ് സ്വാതന്ത്ര്യാനന്തരം 1948ല്‍ എയര്‍ ഇന്ത്യയായി മാറിയത്. 1953ലാണ് ദേശസാല്‍ക്കരണത്തിലൂടെ എയര്‍ ഇന്ത്യ സര്‍ക്കാറിന് സ്വന്തമായത്.

SHARE