തസ്ലീമ നസ്രിന്റെ വിസ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി

തസ്ലീമ നസ്രിന്‍

ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ് പൗരയായ തസ്ലീമ 2004 മുതല്‍ ഇന്ത്യയിലാണ് താമസിക്കുന്നത്.

ബംഗ്ലാദേശില്‍ ജനിച്ചുവളര്‍ന്ന തസ്ലീമ 1994-ല്‍ ചില തീവ്രവാദ വിഭാഗങ്ങളുടെ ഭീഷണിയെ തുടര്‍ന്നാണ് രാജ്യം വിട്ടത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി യു.എസ്സിലും യൂറോപ്പിലും താമസിച്ച അവര്‍ പലതവണ ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്ഥിരതാമസത്തിനുള്ള അപേക്ഷ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

2007-ല്‍ തസ്ലീമയുടെ പുസ്തകങ്ങള്‍ക്കെതിരെ ഒരുവിഭാഗം മുസ്ലിംകള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് അവര്‍ കൊല്‍ക്കത്ത നഗരം വിട്ടിരുന്നു. തന്റെ എഴുത്തിലെ സ്വാഭാവികത നിലനിര്‍ത്താനും സ്ത്രീകളുടെ അവകാശത്തിനായി പോരാടാനും ഇന്ത്യയില്‍ ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് തസ്ലീമ വ്യക്തമാക്കിയിരുന്നു.