താനൂരിൽ കടലാക്രമണം രൂക്ഷം; അമ്പതോളം വീടുകളിൽ വെള്ളം കയറി

താനൂർ: കടലാക്രമണം രൂക്ഷമായി താനൂർ കടലോരം. കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ശക്തമായ തിരമലകളെത്തുടർന്ന് തീരത്തോട് ചേർന്ന വീടുകളിൽ വെള്ളം കയറി. കര കടലെടുത്തു. തെങ്ങുകൾ കടപുഴകി. അമ്പതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

എടക്കടപ്പുറം, അഞ്ചുടി. പുതിയകടപ്പുറം, ചിരാൻ കടപ്പുറം എന്നീ തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ വർഷം അമ്പത് മീറ്ററോളം കര കടലെടുത്തിരുന്നു. എട്ടു കിലോമീറ്ററാണ് താനൂർ കടലോരമുള്ളത്. ഇതിൽ 6 കിലോ മീറ്റർ മാത്രമാണ് കടൽ ഭിത്തിയുള്ളത്. ഇതിൽ പലഭാഗത്തും കടൽ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലുവർഷമായി കടൽഭിത്തി നിർമ്മിക്കാൻ ഒരു പദ്ധതിയും സംസ്ഥാന സർക്കാരും താനൂർ എം.എൽ.എയും ചെയ്തിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ യു.ഡിഎഫ് ഭരണകാലത്ത് മുൻ എം എൽ.എ അബ്ദുറഹിമാൻ രണ്ടത്താണിയുടെ ശ്രമഫലമായി പണ്ടാരടപ്പുറത്തും ഒസ്സാൻകടപ്പുറത്തും കടൽ ഭിത്തി നിർമ്മിച്ചിരുന്നു. പുതിയകടപ്പുറം, അഞ്ചുടി, ചീരാൻകടപ്പുറം, എടക്കടപ്പുറം, കോർമ്മൻ കടപ്പുറം എന്നിവിടങ്ങളിൽ കടൽഭിത്തി നിർമ്മിക്കാൻ നടപടികളാവുകയും ചെയ്തിരുന്നു. എന്നാൽ ഭരണമാറ്റത്തെ തുടർന്ന് തുടർ നടപടികളുണ്ടായില്ല. നാലു വർഷമായി കടുത്ത ദുരിതമനുഭവിക്കുകയാണ് താനൂരിലെ മത്സ്യത്തൊഴിലാളികൾ. പ്രശ്നത്തിന് ഇനിയും പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും ഇവർ പറഞ്ഞു.

SHARE