സ്വപ്‌നയെ തേടി ഹോട്ടലിലും ആശ്രമത്തിലും കസ്റ്റംസ്; നിയമസഹായം നല്‍കുന്നത് തമിഴ്‌നാട്ടിലെ സ്ഥാപനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷ് ഒളിവില്‍ തന്നെ. ഇവരെ തേടി തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌ന ഹോട്ടലില്‍ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു പരിശോധന. സ്വപ്‌നയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ രണ്ടാം ദിനവും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

സ്വര്‍ണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ നിന്നും സ്വപ്‌ന സുരേഷ് ഒളിവില്‍ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. സ്വപ്‌നയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നത് തമിഴ്‌നാട് ആസ്ഥാനമായ നിയമസ്ഥാപനമാണ്. ബാലരാമപുരം വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍കൂര്‍ ഹര്‍ജി ഫയല്‍ ചെയ്യാനായി സ്വപ്‌ന കൊച്ചിയിലെത്തിയെന്നും വാര്‍ത്തയുണ്ട്.

മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ ആറാം നിലയില്‍ സ്വപ്‌ന താമസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
സെക്യൂരിറ്റിയുടെയും മറ്റ് താമസക്കാരുടെയും മൊഴികള്‍ ശേഖരിച്ച ശേഷം ഫ്‌ളാറ്റില്‍ വീണ്ടും പരിശോധന നടത്തി.

സ്വര്‍ണ്ണക്കടത്തിലെ സ്വപ്‌നയുടെ ബന്ധം പുറത്തുവന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്‌നയുടെ കാര്‍ വീടിന് പുറത്ത് തന്നെയുണ്ട്. സ്വപ്‌നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബം പറയുന്നത്. സ്വപ്‌ന ആഡംബര ജീവിതം നയിച്ചിരുന്നില്ലെന്നും സഹോദരന്റെ വിവാഹപാര്‍ട്ടിയിലെ നൃത്തദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് സ്വപ്‌നയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതെന്നും അമ്മ ആരോപിച്ചു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രി അരുവിക്കരയിലെ വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

SHARE