തൂത്തുക്കുടി പ്ലാന്റിന്റെ വിപുലീകരണത്തിന് ഹൈക്കോടതി സ്‌റ്റേ; വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം

മധുരൈ: തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിപുലീകരണം സംബന്ധിച്ച് ഹൈക്കോടതി സ്‌റ്റേ. പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് കോടതി പ്ലാന്റ് സ്ഥാപിക്കുന്നത് തടഞ്ഞത്.

പ്ലാന്റില്‍ പുതിയ സ്‌മെല്‍റ്റര്‍ സ്ഥാപിക്കുന്നത് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിലവിലെ പ്ലാന്റിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ കമ്പനി വിപുലീകരണത്തിന് ശ്രമിച്ചത്. എന്നാല്‍ രണ്ടാമത്തെ യൂണിറ്റിന്റെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കി. ജനങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്താനും കോടതി നിര്‍ദേശിച്ചു.


1200 ടണ്‍ ചെമ്പ് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമാണ് തൂത്തുക്കുടിയിലേത്. ഇത് 2400 ടണ്‍ ആക്കാനുള്ള വിപുലീകരമ ശ്രമമാണ് കമ്പനി നടത്തുന്ന്. ഇത് തടയിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരക്കാര്‍ ആദ്യം രംഗത്തെത്തിയത്. ഒപ്പം കമ്പനി അടച്ചുപൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.


കൂടാതെ പൊലീസ് വെടിവെപ്പ് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് റിട്ടേര്‍ഡ് ജഡ്ജി അന്വേഷിക്കണമെന്നാണ് ഉത്തരവ്. അതേസമയം, വെടിവെപ്പില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.