ബസില്‍ കോവിഡ് രോഗികള്‍; നിലവിളിച്ച് ഇറങ്ങിയോടി സഹയാത്രികര്‍

ചെന്നൈ : കോവിഡ് പോസ്റ്റീവായ ദമ്പതികള്‍ ബസിലുണ്ടെന്നറിഞ്ഞ സഹയാത്രികര്‍ നിലവിളിച്ച് ഇറങ്ങിയോടി. തമിഴ്‌നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം. നിരീക്ഷണത്തിലായിരിക്കെ ബന്ധുക്കളെ കാണാന്‍ ജില്ലയിലെ പന്‍രുതിക്കും വാടല്ലൂരിനുമിടയില്‍ ബസില്‍ യാത്ര ചെയ്ത അന്‍പത്തിയേഴുകാരനും ഭാര്യയ്ക്കുമാണ് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്.

ദമ്പതികളില്‍ ക്ഷയരോഗബാധിതനായ ഭര്‍ത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കോവിഡ് രോഗ സംശയമുള്ളതിനാല്‍ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സാംപിള്‍ ശേഖരിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ തുടരാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവര്‍ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.സ്രവപരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ ടിഎന്‍എസ്ടിസി ബസില്‍ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.

കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടര്‍ക്ക് ഫോണ്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് വിവരമറിഞ്ഞതോടെ കണ്ടക്ടര്‍ ഭയപ്പെട്ട് നിലവിളിച്ചതോടെ കാര്യം ബസ് യാത്രക്കാര്‍ അറിയുകയും ബസ് നിര്‍ത്തുന്നതിനിടെ യാത്രക്കാര്‍ നിലവിളിച്ച് ഇറങ്ങിയോടുകയുമായിരുന്നു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലന്‍സില്‍ രാജാ മുത്തയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുപ്പതോളം യാത്രക്കാരാണ് ബസില്‍ സഞ്ചരിച്ചത്. കോവിഡ് രോഗബാധ സംബന്ധിച്ച വിവരമറിയുമ്പോള്‍ പതിനഞ്ചോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. മറ്റു യാത്രക്കാര്‍ക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിവരികയാണ്.

SHARE