ശ്രീലങ്കയില്‍ നിന്ന് ബോട്ടില്‍ തമിഴ്‌നാട് തീരത്തെത്തിയ പാക് പൗരന്‍ അറസ്റ്റില്‍

ചെന്നൈ: ശ്രീലങ്കയില്‍നിന്ന് ബോട്ടുമാര്‍ഗം തമിഴ്‌നാട് തീരത്തെത്തിയ പാക് പൗരന്‍ പിടിയില്‍. കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനുസ്(65) ആണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ തമിഴ്‌നാട് തീരത്തെത്തിയതെന്നാണ് വിവരം. ഏര്‍വാടിക്ക് സമീപത്തെ ലോഡിജില്‍ നിന്നാണ് യൂനുസ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള സ്മാരകത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27ന് രാമനാഥപുരം സന്ദര്‍ശിക്കാനിരിക്കെ നടന്ന പരിശോധനയിലാണ് പാക് പൗരന്‍ പിടിയിലായത്.

അതേസമയം പിടിയിലായയാള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെയാണ് ഇയാള്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. ശ്രീലങ്കയിലെത്തിയ ശേഷം ഇവിടെനിന്ന് മത്സ്യബന്ധന ബോട്ട് വിലക്കു വാങ്ങി അതുപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം. 2500 പാകിസ്താനി രൂപയും 3000 ഇന്ത്യന്‍ രൂപയുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ തീരത്താണ് ആദ്യം എത്തിയത്. ഇവിടെനിന്ന് റോഡ്മാര്‍ഗം ഏര്‍വാടിയില്‍ എത്തുകയായിരുന്നു.
ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത മറ്റു രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാള്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പരംകുടിയിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ചെന്നൈ പുഴാല്‍ സെന്‍ട്രല്‍ ജയിലില്‍ വിദേശ പൗരന്മാരെ പാര്‍പ്പിക്കുന്ന പ്രത്യേക സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.