മേയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്നാടും മഹാരാഷ്ട്രയും; ചെന്നൈ അടക്കം 12 ജില്ലകളില്‍ കടുത്ത നിയന്ത്രണം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും തമിഴ്നാടിലും മേയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകളില്‍ കര്‍ശന നിയന്ത്രണളോടെയാവും ലോക്ക്ഡൗണ്‍. അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്ന ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്ങല്‍പട്ടു, വില്ലുപുരം, കടലൂര്‍, റാണിപേട്ട്, തിരുപ്പട്ടൂര്‍, കല്ലകുരിചി, തിരുവണ്ണാമലൈ, അരിയലൂര്‍, പെരമ്പലൂര്‍ എന്നീ 12 ജില്ലകളിലാണ് കടുത്ത നിയന്ത്രണം തുടരുക.

ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ തുടരും. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും കോയമ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, നാമക്കല്‍, കരൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാസി, കന്യാകുമാരി, തേനി, മധുര, ശിവഗംഗായി, വിരുദുനഗര്‍, രാമനാഥപുരം, ദിന്ദു, പുതുക്കോട്ട, ട്രിച്ചി, തിരുവാരൂര്‍, തഞ്ചൈ, നാഗായ്, ധര്‍മ്മപുരി, കൃഷ്ണഗിരി, വെല്ലൂര്‍, നിലഗിരി എന്നീ 25 ജില്ലകളില്‍ ലഭിക്കുക.

എന്നാല്‍ അതിതീവ്ര ബാധിതമായ 12 ജില്ലകളിലേക്ക് പോകുന്നതിന് പാസ് നിര്‍ബന്ധമാക്കും. സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നഗര പ്രദേശങ്ങളിലേത് ഉള്‍പ്പെടെയുള്ള വ്യാപാരശാലകള്‍ക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന ഇളവും നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നുവരും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം. നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിച്ചത്. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്ക് മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ വിശദീകരിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.