തണലായി കെ.എം.സി.സി; തമിഴ്‌നാട്ടില്‍ നിന്ന് 100 ബസ്സുകളിലായി നാടണഞ്ഞത് ആയിരങ്ങള്‍

ചെന്നൈ: ലോക്ക്ഡൗണ്‍ മൂലം പൊതുഗതാഗതം നിര്‍ത്തിവെച്ചത് മുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് തമിഴ്‌നാട് കെ.എം.സി.സി നാട്ടിലെത്തിച്ചത് ആയിരങ്ങളെ. ഇതുവരെ 100 ബസ്സുകളാണ് തമിഴ്‌നാട് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എല്ലാ യാത്രകളും കെ.എം.സി.സി നേതൃത്വം നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ 50 നു മുകളില്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന ബസ്സില്‍ 25-30 പേര്‍ മാത്രമാണ് യാത്ര ചെയ്തത്. ഈ സാഹചര്യത്തില്‍ യാത്രാ ചാര്‍ജ് ചെറിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് തമിഴ്‌നാടി കെ.എം.സി.സി പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തിയാണ് കെ.എം.സി.സി ആളുകളെ നാട്ടിലെത്തിക്കുന്നതെന്ന രീതിയില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പുകള്‍ക്ക് കെ.എം.സി.സിയുടെ പ്രവര്‍ത്തനത്തെ തളര്‍ത്താന്‍ സാധിക്കില്ലെന്നും ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി എന്നും നിലകൊള്ളുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ യാത്ര ചെലവ് സംഘടന സൗജന്യമായാണ് വഹിക്കുന്നത്. ലോകമെമ്പാടുമുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന വിലകുറഞ്ഞ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട അവസരമല്ല ഇതെന്നും, കൊറോണയെ നേരിടാന്‍ ഒന്നായി നില്‍ക്കേണ്ട സമയമാണെന്നും കെ.എം.സി.സി വ്യക്തമാക്കി.

SHARE