നാലുദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍. തമിഴ്നാട്ടിലെ മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അച്ഛന് തവമണി(33), അമ്മ പാണ്ടിയമ്മാള്‍ ( 57 ) എന്നിവരാണ് അറസ്റ്റിലായത്.
നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസംതൃപ്തരായിരുന്നു ഇവര്‍. കുട്ടിയുടെ അമ്മ ചിത്ര ഇല്ലാത്ത തക്കം നോക്കി ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. എരിക്കിന് പാല് നല്‍കിയാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വൈഗ നദിക്കരയില്‍ മറവുചെയ്യുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നി വില്ലേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ഉറക്കത്തിനിടെ കുട്ടി മരിക്കുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെ തെളിയുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.